ഇവോള്‍വ്-2023നായി പൊടിച്ചത് 60.67 ലക്ഷം; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പിന്റെ ആഡംബര ചെലവ്; വിവരാവകാശ രേഖ പുറത്ത്
കൊച്ചി: ആഗോളതാപനത്തിന്റേയും കാലാവസ്ഥ വ്യതിയാനത്തിന്റേയും പശ്ചാത്തലത്തിൽ പൊതുഗതാഗത സംവിധാനം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റാൻ കൂടുതൽ പ്രോത്സാഹനം നൽകുന്നതിനായി സംഘടിപ്പിച്ച ഇവോൾവ്-2023 പരിപാടിക്ക് മോട്ടോർ വാഹന വകുപ്പ് ചിലവഴിച്ചത് വൻ തുക. പരിപാടിക്കായി 60.67 ലക്ഷം രൂപ ചെലവഴിച്ചതായാണ് വിവരാവകാശ രേഖ. ഇവന്റ് മാനേജ്‌മെന്റ് സ്‌ഥാപനത്തിനുള്ള ജി.എസ്.ടി ഉള്‍പ്പെടെ നല്‍കിയത് 60.67 ലക്ഷം രൂപയാണെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ മറുപടിയില്‍ വ്യക്‌തമാക്കുന്നു. റോഡ് സുരക്ഷ ഉറപ്പാക്കാൻ ഫണ്ടിൻ്റെയും ജീവനക്കാരുടെയും രൂക്ഷമായ ക്ഷാമം മോട്ടോർ വാഹന വകുപ്പ് നേരിടുന്നതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് വിവരാവകാശ രേഖ പുറത്ത് വരുന്നത്.
ഇ-മൊബിലിറ്റി, പാരമ്പര്യേതര ഊര്‍ജ്‌ജ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അന്തര്‍ദേശീയ കോണ്‍ഫറന്‍സും എക്‌സ്പോയുമായ ഇവോള്‍വിന്റെ രണ്ടാമത്തെ എഡിഷന്‍ 2023 ജനുവരി 19-22 വരെ തിരുവനന്തപുരത്താണ് നടന്നത്. ഇവൻ്റ് മാനേജ്‌മെൻ്റ് സ്ഥാപനത്തിനുള്ള ജിഎസ്ടി ഉൾപ്പെടെ നൽകിയത് 60.67 ലക്ഷം (60,67,414).
കൊച്ചി ആസ്ഥാനമായ ഇമാജിൻ ക്രിയേഷൻസിന് നൽകിയ തുക - 32.56 ലക്ഷം (32,56,800). പരിപാടിയ്‌ക്കു ശേഷമുള്ള ഫലത്തെക്കുറിച്ച് മോട്ടോര്‍ വാഹന വകുപ്പിന് യാതൊരു ധാരണയുമില്ലെന്ന വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് ആഡംബര ചെലവിന്റെ കണക്കുകള്‍ വിവരാവകാശ രേഖയായി വരുന്നത്.
പ്രധാന ചെലവ്; കണക്കുകൾ
- 40 പ്രതിനിധികൾക്ക് 4 ദിവസത്തേക്ക് താമസ സൗകര്യം, 4 ലക്ഷം രൂപ!
- 60 പ്രതിനിധികൾക്ക് വിമാനത്താവളത്തിൽ നിന്ന് പിക്ക് ആൻഡ് ഡ്രോപ്പ്, 1 ലക്ഷം രൂപ.
- കോളേജുകളിൽ 10 ദിവസത്തേക്ക് ക്വിസ് നടത്തുന്നതിന്, 50,000 രൂപ
- 60 പ്രതിനിധികൾക്കുള്ള മെമന്റോകൾ, 45000 രൂപ
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ഈ ആഡംബര ചെലവ്. ഈ വമ്പൻ പരിപാടിയുടെ ശേഷമുള്ള ഫലത്തെക്കുറിച്ച് മോട്ടോർ വാഹന വകുപ്പിന് പോലും അറിയില്ലെന്നും ഗോവിന്ദൻ നമ്പൂതിരി ചൂണ്ടിക്കാട്ടി.