ഇനി വാനോളം പൊക്കത്തിലിരുന്ന് കാടും മലയും ചുറ്റി കാണാം; കെഎസ്ആർടിസിയുടെ റോയൽ വ്യൂ 2.0 ബസ് സർവീസിന് പച്ചക്കൊടി; ഡബിൾ ഹാപ്പിയിൽ മൂന്നാറിലെ വിനോദസഞ്ചാരികൾ
മൂന്നാർ: മൂന്നാറിലെ വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ രണ്ടാമത്തെ ഡബിൾ ഡെക്കർ ബസ് സർവീസ്, 'റോയൽ വ്യൂ 2.0', ആരംഭിച്ചു. മന്ത്രി കെ.ബി. ഗണേഷ് കുമാർ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസിന്റെ മികച്ച വിജയത്തിനു പിന്നാലെയാണ് കെഎസ്ആർടിസി രണ്ടാമത്തെ ബസ് സർവീസിന് തുടക്കം കുറിച്ചത്.
പുതുവത്സര സമ്മാനമായാണ് കെഎസ്ആർടിസി ഈ പുതിയ സർവീസ് മൂന്നാറിന് സമർപ്പിക്കുന്നത്. മൂന്നാറിലെ നിരത്തുകളിൽ ഏറെ ശ്രദ്ധ നേടിയ ആദ്യ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ് തുടങ്ങി വെറും ഒൻപത് മാസങ്ങൾക്കുള്ളിൽ ഒരു കോടി രൂപ വരുമാനം നേടിയിരുന്നു. ഈ ജനപ്രീതി പരിഗണിച്ചാണ് രണ്ടാമത്തെ ബസ് പുറത്തിറക്കിയത്.
തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിലാണ് റോയൽ വ്യൂ 2.0 ബസ് പൂർണമായും നിർമ്മിച്ചിരിക്കുന്നത്. മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെയും താഴ്വരകളുടെയും വിശാലമായ കാഴ്ചകൾ യാത്രികർക്ക് പൂർണ്ണമായി ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ബസിന്റെ മുകൾഭാഗം രൂപകൽപ്പന ചെയ്തിട്ടുള്ളത്.
ഈ സർവീസിന് ദിവസേന മൂന്ന് ട്രിപ്പുകളാണുള്ളത്. രാവിലെ 9 മണിക്ക് ആദ്യ ട്രിപ്പ് ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 12:30നും വൈകുന്നേരം 4 മണിക്കും അടുത്ത ട്രിപ്പുകൾ പുറപ്പെടും. ബസിൽ ആകെ 50 സീറ്റുകളാണുള്ളത്. ഇതിൽ ലോവർ ഡെക്കിൽ ഒരാൾക്ക് 200 രൂപയും അപ്പർ ഡെക്കിൽ 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ഏകദേശം മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഈ യാത്രയിൽ ലോക്ക്ഹാർട്ട് വ്യൂ, റോക്ക് കേവ്, പെരിയകനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ തുടങ്ങിയ ആകർഷകമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും. ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി onlineksrtcswift.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.