പൊങ്കൽ ആഘോഷത്തിനിടെ വാക്കുതർക്കം; 45കാരനെ വെട്ടിക്കൊലപ്പെടുത്തി; തടയാൻ ശ്രമിച്ച സുഹൃത്തിനും വെട്ടേറ്റു; പ്രതി പിടിയിൽ

Update: 2026-01-17 09:52 GMT

നാഗർകോവിൽ: പൊങ്കൽ ആഘോഷത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് നാഗർകോവിൽ സരലൂരിൽ ടെമ്പോ ഡ്രൈവർ വെട്ടേറ്റ് മരിച്ചു. സരലൂർ സ്വദേശിയായ രമേഷ് (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രമേഷിന്റെ സുഹൃത്ത് മണികണ്ഠന് ഗുരുതരമായി പരിക്കേൽക്കുകയും അതീവ ഗുരുതരാവസ്ഥയിൽ ആശാരിപ്പള്ളം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടാർ സ്വദേശിയായ മുകേഷ് കണ്ണനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രദേശത്ത് നടന്ന കലാപരിപാടികൾക്കിടെ രമേഷും സംഘവും ബഹളമുണ്ടാക്കിയതിനെ മുകേഷ് കണ്ണൻ ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്. ഇത് വാക്കേറ്റത്തിലും പിന്നീട് കയ്യാങ്കളിയിലുമെത്തി. തുടർന്ന് മുകേഷ് കണ്ണൻ വീട്ടിലേക്ക് മടങ്ങിയെങ്കിലും രമേഷും മണികണ്ഠനും ഇയാളുടെ വീട്ടിലെത്തി ആക്രമിക്കാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ മുകേഷ് കണ്ണൻ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് രമേഷിനെ ക്രൂരമായി വെട്ടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ആക്രമണം തടയാൻ ശ്രമിച്ച മണികണ്ഠനും വെട്ടേറ്റു.

രമേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോട്ടാർ പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. രമേഷിന്റെ സഹോദരൻ സുരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുകേഷ് കണ്ണനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് രമേഷിന്റെ ഭാര്യ രോഗബാധിതയായി മരിച്ചത്. പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് ആൺമക്കളുണ്ട് രമേഷിന്.

Tags:    

Similar News