കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു; യുവാവ് പോലീസ് കസ്റ്റഡിയിൽ; ഷഹനാസ് സ്ഥിരം പ്രശ്നക്കാരനെന്ന് നാട്ടുകാർ
കൊല്ലം: കൊല്ലം ചവറയിൽ നാടിനെ നടുക്കിയ അരുംകൊല. മുത്തശ്ശിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ കൊച്ചുമകൻ പോലീസ് കസ്റ്റഡിയിൽ. വട്ടത്തറ സ്വദേശിനി സുലേഖ ബീവി (65) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ കൊച്ചുമകൻ ഷഹനാസിനെ ആണ് ചവറ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാത്രിയോടെയാണ് സംഭവം. കഴുത്തറുത്ത നിലയിലാണ് സുലേഖ ബീവിയുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയിൽ നിന്ന് കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവം നടക്കുമ്പോൾ വീട്ടിൽ സുലേഖ ബീവിയും ഷഹനാസും മാത്രമാണ് ഉണ്ടായിരുന്നത്. ഷഹനാസിന്റെ മാതാവ് പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. മാതാവ് വീട്ടിൽ തിരികെയെത്തിയപ്പോൾ സുലേഖ ബീവിയെ കാണാത്തതിനെ തുടർന്ന് ഷഹനാസിനോട് അന്വേഷിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സുലേഖ ബീവിയുടെ മൃതദേഹം കട്ടിലിനടിയിൽ കണ്ടെത്തിയത്.
സംഭവസ്ഥലത്ത് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. യുവാവ് സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്ന സ്വഭാവക്കാരനാണെന്നാണ് നാട്ടുകാർ പറയുന്നത്. കൊലപാതകം ലഹരി ഉപയോഗത്തിന്റെ പുറത്താണോ നടന്നതെന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. കസ്റ്റഡിയിലെടുത്ത ഷഹനാസിനെ ചോദ്യം ചെയ്യൽ തുടരുകയാണ്.