ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നൊരു വൈദികന്‍ വക മ്യൂസിക് ആല്‍ബം; 'ഇറ്റ്‌സ് യു ആന്‍ഡ് മീ ' ഇന്ത്യന്‍ വൈവിധ്യത്തിന്റെ കൂടി അടയാളമാവുന്നു

വേറേ ലെവല്‍ : ഇത് ദൈവത്തിന്റെ സ്വന്തം റാപ്പ്

Update: 2025-03-08 14:25 GMT

ല്ലാറ്റിലും ദൈവ സ്പര്‍ശവും ദൈവവും തന്നെ ഉണ്ടായിരിക്കുമ്പോള്‍ സംഗീതത്തിന് എന്തായാലും അതില്‍ നിന്ന് ഒട്ടും മാറി നില്‍ക്കാനാവില്ലല്ലോ. എന്ന് മാത്രമല്ല ഇപ്പറഞ്ഞതിനോട് ഏറ്റവും അടുത്തു നില്‍ക്കുക കൂടിയാണ് സംഗീതം. ദൈവം വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും മനുഷ്യന്റെ ആത്മാവിനെ ചെന്നു തൊടുന്നു. താളത്തിലൂടെയും ലയത്തിലൂടെയും സംഗീതവും മറ്റൊന്നുമല്ല ചെയ്യുന്നത്. രണ്ടും മനുഷ്യ ഹൃദയങ്ങളെ സചേതനമാക്കുന്നു, ആഹ്‌ളാദം പകരുന്നു - മലയാളി വൈദികനായ ഫാദര്‍ ജോബിസ് കപ്പൂച്ചിലിന്റെ വാക്കുകളാണിത്. സംഗീതത്തിലെ ദൈവ സ്പര്‍ശത്തെ സംബന്ധിച്ച ഇദ്ദേഹത്തിന്റെ ചിന്തകളിന്ന് വെറും ചിന്തകള്‍ മാത്രമല്ല . അതിന് ശബ്ദത്തിന്റെയും ദൃശ്യത്തിന്റെയും പിന്‍ബലമുണ്ട്. അതെ, ആ ചിന്തകള്‍ വേറിട്ടൊരു സംഗീത ആല്‍ബമായി പരിണമിച്ചിരിക്കുകയാണ്. റാപ്പ് ആണ് അതിന്റെ വകഭേദം. 'ഇറ്റീസ് യു ആന്‍ഡ് മീ ' എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം യുട്യൂബില്‍ ആണ് അപ് ലോഡ് ചെയ്തിരിക്കുന്നത്. കാണികളുടെയും സംഗീതാസ്വാദകരുടെയും പിന്‍തുണയോടെ ആല്‍ബം മുന്നേറിക്കൊണ്ടിരിക്കുന്നു.

പതിനാല് വര്‍ഷം നീളുന്ന വൈദിക പഠനത്തിനൊടുവില്‍ വടക്കു കിഴക്കനിന്ത്യ പ്രവര്‍ത്തന മേഖലയാക്കി സ്വയം തെരഞ്ഞെടുക്കുകയായിരുന്നു തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയായ ജോബിസ്. ആസാമായിരുന്നു പ്രധാന പ്രവര്‍ത്തന മേഖല. ആസാമിന്റെ ജീവിതം , ഭൂപ്രകൃതി, സംസ്‌ക്കാരം എന്നിവ തന്നില്‍ വലിയ സ്വാധീനം ചെലുത്തി. സംഗീതത്തോടും ദൃശ്യകലയോടുമുള്ള ഇഷ്ടം ഈ ഘടകങ്ങളെ ഉപയോഗിച്ച് എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഉള്ളിലുണര്‍ത്തി. അതാണ് ഏറ്റവുമൊടുവില്‍ 'ഇറ്റ്‌സ് യു ആന്‍ഡ് മീ ' ആയി മാറുന്നത്.

'ഞാന്‍ നേരത്തേ പറഞ്ഞ സംഗീതത്തിലെ ദൈവസ്പര്‍ശത്തിനൊപ്പം ഈ ആല്‍ബം മറ്റൊന്നിന്റെ കൂടി പ്രതീകമാണ്. ഞാന്‍ ഒരു മലയാളിയാണ്. ഒരു ദക്ഷിണേന്ത്യക്കാരന്‍. എന്റെ ആല്‍ബത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതാവട്ടെ കന്യാസ്ത്രീമാരും. അതും വിവിധ വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍. ഇനി ഇതിന്റെ ജോണ്‍റെ എന്നത് റാപ്പ് ആണ്. അത് വൈദേശികമാണ്. ചുരുക്കത്തില്‍ ഭാഷയുടെയും ദേശങ്ങളുടെയും സംസ്‌ക്കാരങ്ങളുടെയും അതിരുകളെ മായിച്ചു കളഞ്ഞ് ഇന്ത്യന്‍ വൈവിധ്യത്തെയും അതിന്റെ വിശാലമനോഭാവത്തെയും അടയാളപ്പെടുത്തുന്ന ഒന്നായി ഈ ആല്‍ബം മാറുന്നുണ്ട് ' ജോബിസ് പറയുന്നു.




എന്ത് കൊണ്ടാണ് റാപ്പ് തെരഞ്ഞെടുത്തത് എന്ന് ചോദിക്കുമ്പോള്‍ 'അതിന്റെ പുതുമയും ചലനാത്മകതയും ' എന്ന് അതിവേഗം മറുപടി നല്‍കുന്നു ഫാദര്‍ ജോബിസ് .

'ഡിവോഷണല്‍ ആല്‍ബങ്ങള്‍ സാധാരണയായി മെലഡി അടിസ്ഥാനമാക്കിയുള്ളതാണ്, പക്ഷേ എന്തുകൊണ്ട് റാപ്പ് പാടില്ല എന്നാണ് ഞാന്‍ ചിന്തിച്ചത്. അതിന്റെ പുതുമ , പിന്നെ കൊറിയോഗ്രാഫിയിലും മറ്റും അത് തുറന്നു തരുന്ന പുതിയ സാധ്യതകള്‍ . താളത്തിലും വേഗതയിലും പരീക്ഷണം നടത്താന്‍ റാപ്പ് ആണ് നല്ലത് എന്ന് തോന്നി. സംഗീതത്തിലും ചിത്രീകരണത്തിലുമെല്ലാം ആ പരീക്ഷണത്തിന് സാധ്യതകളുണ്ടായി . ഒപ്പം നോര്‍ത്ത് ഈസ്റ്റിന്റെ പശ്ചാത്തലവും സംസ്‌ക്കാരവുമെല്ലാം അതിനെ പിന്‍തുണയ്ക്കുന്നതായിരുന്നു ' - ജോബിസിന്റെ വാക്കുകള്‍.

ആല്‍ബം ചിത്രീകരിക്കുമ്പോള്‍ അതിന് ഒരു 'പ്രൊഫഷണല്‍ ലുക്ക് ' വേണമെന്ന കാര്യമാണ് പ്രധാനമായും ശ്രദ്ധിച്ചിരുന്നതെന്ന് ജോബിസ് പറയുന്നു.

' അമച്വര്‍ പ്രൊഡക്ഷനുകള്‍ ഒരു മുന്‍വിധിയോടെ വിലയിരുത്തപ്പെടുന്ന അവസ്ഥയുണ്ട്. ഒരു പ്രൊഫഷണല്‍ പ്രൊഡക്ഷന്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. കന്യാസ്ത്രീകള്‍ ഏറ്റവും നന്നായി ഇതിനൊപ്പം നിന്നു. റിഹേഴ്‌സലുകള്‍ , റീടേക്കുകള്‍ എന്നിവയൊക്കെ ശ്രമകരമായിരുന്നു എങ്കിലും പെര്‍ഫെക്ഷനിലേക്ക് എത്തും വരെ അധ്വാനിക്കാന്‍ അവര്‍ ഒരു മടിയും കാട്ടിയില്ല ' - ജോബി സ് കൂട്ടിച്ചേര്‍ക്കുന്നു.

ഈ ക്രിസ്ത്യന്‍ റാപ്പ് നമ്പറിന്റെ ആശയം, സംഗീതം , സംവിധാനം എന്നിവയാണ് മലയാളി പുരോഹിതനായ ഫാ ജോബിസ് കപ്പൂച്ചില്‍ നിര്‍വഹിച്ചിരിക്കുന്നത്. മേഘാലയയില്‍ പ്രധാനമായും ചിത്രീകരിച്ച ആല്‍ബത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ആസാമിലെ 'ക്രിസ്ത്യന്‍ മിഷനറീസ് ഓഫ് മേരി ഇമാ ക്യുലേറ്റിലെ' കന്യാസ്ത്രീകളാണ്. വരികള്‍ എഴുതിയത് വിഷ്ണു സുധനും ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി ശിവദാസുമാണ്.




'സാധാരണയായി ആളുകള്‍ റാപ്പിനെ വളരെ ബഹളമയമായാണ് കരുതുന്നത്. പക്ഷേ പുറത്തുവന്നപ്പോള്‍ എന്റെ ഇടവകയില്‍ നിന്ന് എനിക്ക് ലഭിച്ച പ്രതികരണം വളരെ നല്ലതായിരുന്നു. ഒരുപാട് പ്രതികരണങ്ങള്‍ വിശ്വാസികളില്‍ നിന്നും സംഗീതപ്രേമികളില്‍ നിന്നുമൊക്കെ ലഭിക്കുന്നുണ്ട്. മിക്കവരും ഇതിലെ പുതുമയെപ്പറ്റിയാണ് സംസാരിക്കുന്നത്. റോമിലെ ഞങ്ങളുടെ സഭയുടെ ആസ്ഥാനത്ത് നിന്ന് പോലും പ്രോത്സാഹജനകമായ പ്രതികരണം വന്നു കഴിഞ്ഞു. ഇനിയും കൂടുതല്‍ പേരിലേക്ക് ഈ റാപ്പ് എന്നുമെന്ന് കരുതുന്നു' - ജോബിസിന്റെ വാക്കുകള്‍ ആഹ്‌ളാദത്തിന്റെ മറ്റൊരു റാപ്പാവുന്നു : 'നമ്മള്‍ കൊടുക്കുന്ന സന്ദേശം ആണ് പ്രധാനം. അതിലേക്ക് പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ നമ്മള്‍ കാലത്തിനൊത്ത് നീങ്ങണം '

'ഇറ്റ്‌സ് യു ആന്‍ഡ് മീ ' ശ്രദ്ധേയമാവുമ്പോള്‍ ചലച്ചിത സംവധാനത്തിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നുകയാണ് ജോബിസ് . സ്‌പെയിനില്‍ ഫിലിം ഡയറക്ഷന്‍ കോഴ്‌സിലേക്ക് പ്രവേശനം നേടിയ അദ്ദേഹം ഉടന്‍ യാത്ര തിരിക്കും.

Tags:    

Similar News