ലൈസൻസും ആർസി ബുക്കും ഡിജിറ്റലാക്കാൻ ഒരുങ്ങി എംവിഡി; പ്രിന്റിംഗ് രണ്ട് ഘട്ടങ്ങളിലായി നിർത്തലാക്കും; നിലവിൽ രേഖകൾ ലഭ്യമാക്കുന്നതിനുള്ള കാലതാമസം മാറും
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന ലൈസൻസും ആർസി ബുക്കും ഡിജിറ്റലാക്കി നൽകാൻ എംവിഡി. ഇതിനായി ഇവ പ്രിന്റ് ചെയ്ത് നൽകുന്നത് നിർത്തലാക്കാനുള്ള നീക്കവുമായി എംവിഡി.ലൈസൻസും ആർസി ബുക്കും പരിവാഹൻ സൈറ്റ് വഴിയാണ് ഡിജിറ്റലായി നൽകാൻ തീരുമാനിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി പ്രിന്റിംഗ് നിർത്തലാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഡ്രൈവിംഗ് ലൈസൻസിന്റെയും രണ്ടാം ഘട്ടത്തിൽ ആർസി ബുക്കിന്റെയും പ്രിന്റിംഗ് നിർത്തലാക്കും. ഇതോടെ വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമായും ഡിജിറ്റലാവുന്ന നാലാമത്തെ സംസ്ഥാനമായി മാറും കേരളം.
ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടിയെന്ന് ഗതാഗത കമ്മിഷണർ വ്യക്തമാക്കി.
ഡിജിറ്റലാക്കുന്നതോടെ ടെസ്റ്റ് പാസായി മിനിട്ടുകൾക്കകം തന്നെ ലൈസൻസ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനാവും. മുൻപ് തപാൽ മാർഗം ലഭിച്ചിരുന്നതിനാൽ ഇവ ലഭിക്കുന്നതിന് കാലതാമസം നേരിട്ടിരുന്നു. നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി രണ്ടുമാസം കഴിഞ്ഞാണ് ലൈസൻസ് ലഭിക്കുന്നത്. മൂന്നുമാസത്തോളം കഴിഞ്ഞാണ് ആർസി ബുക്ക് ലഭിക്കുന്നത്.
ഉപഭോക്താക്കൾക്ക് ലൈസൻസ് ഡൗൺലോഡ് ചെയ്യാനായി എം പരിവാഹൻ സൈറ്റിലെ സാരഥി ഉപയോഗിക്കാം. ഡിജി ലോക്കറിലും ഇത്തരത്തിൽ വാഹന രേഖകൾ സൂക്ഷിക്കാം. വാഹന പരിശോധന സമയത്ത് ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് ഉദ്യോഗസ്ഥന് രേഖകൾ പരിശോധിക്കുന്നത് നിലവിൽ ഉള്ളതിനേക്കാൾ സുതാര്യമായ പ്രക്രിയയാണ്. കൂടാതെ ലൈസൻസും ആർസി ബുക്കും ഡിജിറ്റലാവുന്നതോടെ രേഖകൾ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതുമാണ്.
നേരത്തെ, പൊതുമേഖല സ്ഥാപനമായ ഐടിഐയുമായുളള കരാറിനെ ധനവകുപ്പ് എതിർത്തിരുന്നു, ഇതോടെ ലൈസൻസ്, ആർസി ബുക്ക് അച്ചടി മുടങ്ങിയിരിക്കുകയാണ്. ഒരു മാസത്തെ ഡ്രൈവിംഗ് ലൈസൻസിന് ഒന്നര ലക്ഷവും, മൂന്നു മാസത്തെ ആർസി ബുക്കിന് മൂന്നര ലക്ഷം രൂപയുമാണ് കുടിശിക നൽകാനുള്ളത്. ഇതും കണക്കിലെടുത്താണ് ഇനി ഡിജിറ്റൽ രേഖകൾ മതിയെന്ന് തീരുമാനത്തിൽ മോട്ടോർ വാഹനവകുപ്പ് എത്തിയത്.