ഗർഭിണിയുമായി ആശുപത്രിയിലെത്തി; ഡോക്ടറെ കണ്ടില്ലെന്ന് പറഞ്ഞ് മടങ്ങി; വീട്ടിലെത്തി സ്വയം പ്രസവമെടുത്തു; ഒഡിഷ ദമ്പതികളുടെ നവജാത ശിശുവിന് ദാരുണാന്ത്യം; സംഭവം തൃശൂരിൽ

Update: 2024-12-12 08:04 GMT

തൃശൂർ: സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചതായി റിപ്പോർട്ടുകൾ. ചാലക്കുടിയിൽ ഒഡീഷ സ്വദേശികളായ ഗുല്ലി - ശാന്തി ദമ്പതികളുടെ കുഞ്ഞാണ് പ്രസവത്തെ തുടർന്ന് മരിച്ചത്. ചാലക്കുടി മേലൂര്‍ ശാന്തി പുരത്ത് വാടക വീട്ടിലാണ് ഇവരുടെ താമസം. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ശാന്തി ആശാ വര്‍ക്കര്‍ നിര്‍ദേശിച്ചിട്ടും ആദ്യഘട്ടത്തിൽ ആശുപത്രിയില്‍ പോയിരുന്നില്ല.

പിന്നിട് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടറെ കണ്ടില്ലെന്ന് പറഞ്ഞ് ഇവർ മടങ്ങുകയായിരുന്നു. ശേഷം വീട്ടില്‍ വെച്ച് പ്രസവം നടന്നു.

തുടര്‍ന്ന് ശാന്തി തന്നെ കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിച്ചു മാറ്റുകയായിരുന്നു. അമിത രക്ത സ്രാവത്തെത്തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. വിവരം അറിഞ്ഞെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ യുവതിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ കുഞ്ഞിന് ജീവനില്ലെന്ന് ഡോക്ടർമാർ ഒടുവിൽ സ്ഥിരീകരിക്കുകയായിരുന്നു.

Tags:    

Similar News