സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് സന്ദേശം; ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിൽ നിരന്തരം ശല്യപ്പെടുത്തി; 36കാരൻ പിടിയിൽ

Update: 2026-02-09 15:19 GMT

കേണിച്ചിറ: ഇൻസ്റ്റാഗ്രാമിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ 36കാരൻ അറസ്റ്റിൽ. ആലപ്പുഴ കായംകുളം പുതിയവിള സ്വദേശി സിബിൻ ശശിധരനെയാണ് (36) കേണിച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ ഐടി ആക്ട് പ്രകാരവും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്.

കേണിച്ചിറ സ്വദേശിയായ പെൺകുട്ടിയുടെ മാതാവിന്റെ ഫോണിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് 2024 മുതൽ സിബിൻ നിരന്തരം സന്ദേശങ്ങൾ അയച്ചതായാണ് പരാതി. ലൈംഗിക ഉദ്ദേശത്തോടെയാണ് ഇയാൾ പെൺകുട്ടിയെ പിന്തുടർന്നതെന്നും മോശമായ രീതിയിൽ സംസാരിച്ചതായും പോലീസ് പറയുന്നു. പെൺകുട്ടിയുടെ സഹോദരിയുടെ ചിത്രങ്ങൾ കൈക്കലാക്കിയ പ്രതി, അവ ഫേസ്ബുക്കിലും യൂട്യൂബിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

കുടുംബത്തെ സമാധാനപരമായി ജീവിക്കാൻ അനുവദിക്കില്ലെന്നും സിബിൻ സന്ദേശമയച്ചതായി പരാതിയിൽ വ്യക്തമാക്കുന്നു. കായംകുളത്ത് നിന്നാണ് പ്രതിയെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. കേണിച്ചിറ പോലീസ് ഇൻസ്‌പെക്ടർ രാജീവ് കുമാർ, എഎസ്ഐ ദിലീപ് കുമാർ, സിപിഒമാരായ അജിത്, ജിഷ്ണു, ശിഹാബ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ സിബിൻ ശശിധരനെ റിമാൻഡ് ചെയ്തു. 

Tags:    

Similar News