കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു; കൊല്ലം സ്വദേശി പത്മചന്ദ്ര കുറുപ്പ് പുതിയ എഡിഎം; വിവാദങ്ങളൊന്നും ബാധിക്കില്ല, ശുഭാപ്തി വിശ്വാസത്തോടെയാണ് വന്നിരിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍

കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു

Update: 2024-10-30 09:30 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ പുതിയ എഡിഎം ആയി കൊല്ലം സ്വദേശി പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു. ഇന്ന് രാവിലെയാണ് പത്മചന്ദ്ര കുറുപ്പ് ചേമ്പറിലെത്തി ചുമതലയേറ്റത്. നവീന്‍ ബാബുവിന് പകരക്കാരനായാണ് പത്മചന്ദ്ര കുറുപ്പ് എത്തുന്നത്. മുന്‍പ് നാഷണല്‍ ഹൈവേ അക്വിസിഷനില്‍ ആയിരുന്നു പത്മചന്ദ്ര കുറുപ്പ്.

കാര്യങ്ങളെല്ലാം മനസിലാക്കി വരുന്നതേയുള്ളൂ എന്നും വലിയ പ്രതീക്ഷയോടെയാണ് വന്നതെന്നുമായിരുന്നു പത്മചന്ദ്ര കുറുപ്പിന്റെ ആദ്യ പ്രതികരണം. വിവാദങ്ങളൊന്നും ബാധിക്കില്ലെന്നും ശുഭാപ്തിവിശ്വാസത്തോടെയാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നവീന്‍ ബാബുവിനെപ്പറ്റി കേട്ടിട്ടേയുള്ളൂ എന്നും ഒരുമിച്ച് ജോലി ചെയ്തിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം നവീന്‍ ബാബുവിന്റെ മരണത്തില്‍ കാര്യങ്ങള്‍ എല്ലാം നിയമപരമായിത്തന്നെയാണ് നീങ്ങുന്നതെന്നും ഇനിയും അങ്ങനെത്തന്നെയാണ് പോകുകയെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ ചോദ്യം ചെയ്യലിനിടെ കളക്ടര്‍ ക്ഷണിച്ചിട്ടാണ് താന്‍ വന്നതെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പി പി ദിവ്യ. കേസിന്റെ ആദ്യഘട്ടം മുതല്‍ക്കേ പറയുന്ന വാദത്തിലാണ് ചോദ്യം ചെയ്യലിനിടെയും പി പി ദിവ്യ ഉറച്ചുനിന്നത്.

ചടങ്ങ് കഴിഞ്ഞ ശേഷം നവീന്‍ ബാബു തന്നെ കണ്ടെന്നുള്ള മൊഴി തള്ളാതെ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഇതിനിടെ രംഗത്തെത്തി. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ പരിമിതിയുണ്ടെന്നും ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News