ജനദ്രോഹ സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭവുമായി കോണ്‍ഗ്രസ്: കേരളത്തില്‍ 1500 മണ്ഡലം തല പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും
ജനദ്രോഹ സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭവുമായി കോണ്‍ഗ്രസ്
കൊച്ചി: മുഖ്യമന്ത്രിയും കുടുംബവും അഴിമതിയില്‍ നിന്ന് രക്ഷപ്പെടാന്‍ പാര്‍ട്ടിയെ ബിജെപിയോടൊപ്പം കൂട്ടിക്കെട്ടുകയാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ടി എന്‍ പ്രതാപന്‍. ജനദ്രോഹ സര്‍ക്കാരിനെതിരെ കേരളത്തിലെ 1500 മണ്ഡലം തല പൊതുയോഗങ്ങളുടെ ജില്ലാതല ഉദ്ഘാടനം തമ്മനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ഭരണം ലഭിച്ചപ്പോള്‍ അധികാരത്തിന്റെ ഗര്‍വ് കൊണ്ട് നിരന്തരമായ അഴിമതി നടത്തുന്ന സര്‍ക്കാര്‍ ആയി പിണറായി വിജയന്റെ സര്‍ക്കാര്‍ മാറിയിരിക്കുന്നു. രാഷ്ട്രീയ ഭരണ നേതൃത്വത്തോടൊപ്പം പോലീസിനെയും ഉപയോഗപ്പെടുത്തി അഴിമതികളെ മൂടി വയ്ക്കാനും തെളിവുകള്‍ നശിപ്പിക്കാനും പിണറായി വിജയന്‍ ശ്രമിക്കുകയാണ്.
ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആര്‍എസ്എസിന്റെ രാഷ്ട്രീയമാണ് പിണറായി വിജയന്‍ പയറ്റുന്നതെന്നും ടി എന്‍ പ്രതാപന്‍ കുറ്റപ്പെടുത്തി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷന്‍ ആയിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ബി എ അബ്ദുല്‍ മുത്തലിബ്, എം ലിജു, ദീപ്തി മേരി വര്‍ഗീസ്, ജയ്‌സണ്‍ ജോസഫ്, അന്‍വര്‍ സാദത്ത് എംഎല്‍എ, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍, നേതാക്കളായ ഐ കെ രാജു, പി കെ അബ്ദുല്‍ റഹ്‌മാന്‍, ജോസഫ് ആന്റണി, വി കെ മിനിമോള്‍, ജോഷി പള്ളന്‍, ആന്റണി പൈനുംതറ, ബി സക്കീര്‍ തമ്മനം, വി എം ഉമ്മര്‍, ലീജ ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു