ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളി; തിരക്ക് നിയന്ത്രിക്കാന്‍ പരിചയസമ്പന്നരായ പൊലീസുകാരെ നിയമിക്കണമെന്ന് കെ. സുരേന്ദ്രന്‍
ഭക്തര്‍ക്കും ഹൈന്ദവ സംഘടനകള്‍ക്കുമൊപ്പം ബിജെപി നിലകൊള്ളും
കോഴിക്കോട്: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയമിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പൊലീസ് സംവിധാനത്തിലെ പിഴവാണ് കഴിഞ്ഞ വര്‍ഷം ഭക്തര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചതെന്നും ഇത്തവണയും വേണ്ടത്ര മുന്നൊരുക്കം നടത്താന്‍ സര്‍ക്കാരും ബോര്‍ഡും തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം ബോര്‍ഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. ശബരിമലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണിത്. അംഗീകരിച്ചു തരാന്‍ ബി.ജെ.പി ഒരുക്കമല്ല. ഭക്തര്‍ക്കും ഹൈന്ദവ സംഘടനകള്‍ക്കുമൊപ്പം പാര്‍ട്ടി നിലകൊള്ളും.
മാലയിട്ട് വരുന്ന ഒരു ഭക്തന് പോലും അയ്യപ്പനെ കാണാതെ തിരിച്ചു പോവേണ്ട സാഹചര്യമുണ്ടാകരുത്. മറ്റ് സംസ്ഥാനങ്ങളിലെ ഭക്തര്‍ ദീര്‍ഘകാലത്തെ കാല്‍നട യാത്രയിലൂടെയാണ് മല ചവിട്ടാനെത്തുന്നത്. വെര്‍ച്ച്വല്‍ ബുക്കിങ് അവരെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. സ്‌പോട്ട് ബുക്കിങ് ഉടന്‍ പുനസ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
അതേസമയം, ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ കണക്കിലെടുത്ത് ശബരിമലയില്‍ ഇത്തവണ വെര്‍ച്വല്‍ ക്യൂ മാത്രമേ ഉണ്ടാകൂ എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. മാലയിട്ടെത്തുന്ന ഒരു ഭക്തനും ദര്‍ശനം ലഭിക്കാതെ തിരികെ പോകേണ്ടി വരില്ലെന്നും അദ്ദേഹം അറിയിച്ചു. അതിന് അനുയോജ്യമായ തീരുമാനങ്ങള്‍ സര്‍ക്കാറുമായി ആലോചിച്ച് കൈക്കൊള്ളും. വെര്‍ച്വല്‍ ക്യൂവിന്റെ എണ്ണം കൂട്ടില്ലെന്നും അറിയിച്ചിച്ചുണ്ട്.
വെര്‍ച്വല്‍ ക്യൂ ശബരിമലയില്‍ എത്തുന്നവരുടെ ആധികാരിക രേഖയാണ്. എന്നാല്‍ സ്പോട്ട് ബുക്കിങ് കേവലം എന്‍ട്രി പാസ് മാത്രമാണെന്നും ഓരോ വര്‍ഷവും സ്പോട്ട് ബുക്കിങ് എണ്ണം കൂടുന്നത് ആശാസ്യകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ ദര്‍ശന സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. രാവിലെ മൂന്ന് മുതല്‍ ഒരു മണിവരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ 11 വരെയുമാണ് പുതിയ ദര്‍ശന സമയം.