'അന്വേഷണത്തില്‍ വിശ്വാസമുണ്ട്; കുടുംബത്തിന് സഹായം ആവശ്യമായി വന്നാല്‍ ഇടപെടും'; നവീന്‍ ബാബുവിന്റെ വീട്ടിലെത്തി ഗവര്‍ണര്‍

കേസില്‍ കക്ഷി ചേരാനിടയായ സാഹചര്യവും വിവരിച്ചു

Update: 2024-10-22 12:11 GMT

പത്തനംതിട്ട: എ.ഡി.എം നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നവീന്‍ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തിയാണ് ഗവര്‍ണര്‍ കുടുംബാംഗങ്ങളെ കണ്ടത്. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയോടും മക്കളോടും അദ്ദേഹം സംസാരിച്ചു. കുടുംബത്തെ ആശ്വസിപ്പിക്കാനും തന്റെ അനുശോചനം അറിയിക്കാനുമായാണ് എത്തിയതെന്ന് സന്ദര്‍ശനത്തിനുശേഷം ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മറ്റ് കാര്യങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും കുടുംബം പരാതി നല്‍കിയാല്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും കുടുംബത്തിന് ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ താനത് വേണ്ടവിധം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരാനാണ് എത്തിയത്. അന്വേഷണത്തില്‍ കുടുംബത്തിന് ഏതെങ്കിലും രീതിയില്‍ തന്റെ സഹായം ആവശ്യമായി വന്നാല്‍ ഇടപെടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

നവീന്‍ ബാബുവിനെ കണ്ണൂരിലെ ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് ഗവര്‍ണര്‍ ആശ്വാസ വാക്കുകളുമായി മലായലപ്പുഴയിലെ വീട്ടിലെത്തിയത്. അരമണിക്കൂറോളം സമയം ഗവര്‍ണര്‍ നവീന്‍ ബാബുവിന്റെ വീട്ടില്‍ ചിലവഴിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തന്നെ കുടുംബാംഗങ്ങളോട് അദ്ദേഹം ചോദിച്ചറിഞ്ഞു. കേസില്‍ കക്ഷി ചേരാനിടയായ സാഹചര്യവും വിവരിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അറിയിക്കണമെന്നും അദ്ദേഹം നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളോട് പറഞ്ഞു. സന്ദര്‍ശന ശേഷം പുറത്തിറങ്ങിയ ഗവര്‍ണര്‍ മാധ്യമങ്ങളോട് കാര്യമായി പ്രതികരിച്ചില്ല. കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയതെന്നും അവര്‍ക്ക് കൂടുതല്‍ പരാതികളുണ്ടെങ്കില്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News