പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; വിവാദങ്ങളല്ല വികസനമാണ് പാലക്കാട്ടുകാര്‍ ആഗ്രഹിക്കുന്നതെന്ന് പ്രതികരണം

ആര്‍ഡിഒ ശ്രീജിത്തിന് മുന്‍പാകെ പത്രിക സമര്‍പ്പിച്ചു

Update: 2024-10-23 11:57 GMT

പാലക്കാട്; പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാലക്കാട് ആര്‍ഡിഒ ഓഫീസില്‍ എത്തിയാണ് ആര്‍ഡിഒ ശ്രീജിത്തിന് മുന്‍പാകെ പത്രിക സമര്‍പ്പിച്ചത്. രാവിലെ പാലക്കാട് സൗത്ത് ഏരിയയിലും മേഴ്സി കോളേജ് ഏരിയയിലും ഗൃഹസമ്പര്‍ക്കം നടത്തി വോട്ട് തേടിയ ശേഷമായിരുന്നു 2.30 ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സി കൃഷ്ണകുമാര്‍ എത്തിയത്.

മേലാമുറി പച്ചക്കറി മാര്‍ക്കറ്റിലെ വ്യാപാരികളാണ് കൃഷ്ണകുമാറിന് കെട്ടിവെക്കാനുള്ള തുക നല്‍കിയത്. മേലാമുറി പച്ചക്കറി കച്ചവടസംഘം പ്രസിഡന്റ് സി ഗുരുവായൂരപ്പന്‍ താലത്തില്‍ വെച്ച് തുക കൈമാറി.

പാലക്കാടിന്റെ സമഗ്രവികസനത്തിനായുളള അങ്കം കുറിക്കലാണ് ഈ തെരഞ്ഞെടുപ്പെന്നും സര്‍വ്വ പിന്തുണയും പ്രാര്‍ത്ഥനയുമായി എല്ലാവരും ഒപ്പമുണ്ടാകണമെന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന വിവരം പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സി കൃഷ്ണകുമാര്‍ വ്യക്തമാക്കിയിരുന്നു. വിവാദങ്ങളല്ല വികസനമാണ് പാലക്കാട്ടുകാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കല്ലടിക്കോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ഉച്ചവരെ മൂന്നു മുന്നണികളും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കിയിരുന്നു. രാവിലെ ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് കോഴിക്കോട് ബൈപ്പാസില്‍ കൊപ്പം ജംഗ്ഷനിലാണ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്.

Similar News