വാഹന പരിശോധനക്കിടെ വലയിലായത് ലഹരിമരുന്നുമായി; റിസോർട്ട് മുറിയിൽ സൂക്ഷിച്ചിരുന്നത് എംഡിഎംഎയും ഹാഷിഷ് ഓയിലും; ഭർത്താവിന്റെ അറസ്റ്റിന് പിന്നാലെ മുങ്ങിയ ഭാര്യയും കൂട്ടുകാരനും പിടിയിൽ
ഇടുക്കി: വാഗമണ്ണിൽ ലക്ഷങ്ങളുടെ ലഹരി വേട്ട. കോഴിക്കോട് സ്വദേശികളായ യുവതിയും യുവാവും 50 ഗ്രാമോളം എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവയുമായി പീരുമേട് എക്സൈസ് സംഘത്തിൻ്റെ പിടിയിലായി. ഇവരിൽ നിന്ന് മൂന്നേമുക്കാൽ ലക്ഷം രൂപയും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് പ്രമാണിച്ച് വാഗമൺ മേഖലയിൽ എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവരെ പിടികൂടിയത്. മുഹമ്മദ് ഫവാസ് (കോഴിക്കോട് റഹ്മാൻ ബസാർ), ശ്രാവൺ താര (ഫറോക്ക്) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കാറിൽ നിന്ന് 47 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ചോദ്യം ചെയ്യലിൽ ഇവർ വാഗമണ്ണിലെ ഒരു റിസോർട്ടിൽ മുറിയെടുത്ത് താമസിക്കുകയാണെന്ന് സമ്മതിച്ചു. ഈ മുറിയിൽ നടത്തിയ പരിശോധനയിൽ, രണ്ട് ഗ്രാം എംഡിഎംഎ, മൂന്ന് ഗ്രാമോളം ഹാഷിഷ് ഓയിൽ, 3,75,000 രൂപ, അഞ്ച് മൊബൈൽ ഫോണുകൾ എന്നിവയും കണ്ടെടുത്തു. മയക്കുമരുന്ന് കച്ചവടത്തിൽ നിന്ന് ലഭിച്ച പണമാണ് ഇതെന്നും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. മുഹമ്മദ് ഫവാസ് മുൻകാലങ്ങളിലും ലഹരിക്കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. 2021-ൽ 83 ഗ്രാം എംഡിഎംഎയുമായി ഇയാളെ എറണാകുളത്ത് നിന്നും പിടികൂടിയിരുന്നു.
കൂടാതെ മറ്റ് സ്ഥലങ്ങളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. ശ്രാവൺ താരയുടെ ഭർത്താവും ഫവാസും ചേർന്നാണ് ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ശ്രാവൺ താരയുടെ ഭർത്താവ് ശ്രീമോൻ കഴിഞ്ഞ ദിവസം 430 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴയിൽ പോലീസിന്റെ പിടിയിലായിരുന്നു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയന്നാണ് വാഗമണ്ണിലേക്ക് രക്ഷപ്പെട്ടതെന്നും സൂചനയുണ്ട്. സംസ്ഥാനത്ത് വലിയ തോതിൽ രാസലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നും പോലീസ് കണ്ടെത്തിയിരുന്നു.