മദ്യലഹരിയില്‍ കാര്‍ നിയന്ത്രണംവിട്ടു; ചാല ബൈപാസ് ജംക്ഷനില്‍ റോഡിന്റെ വിടവില്‍ വീണ് കാര്‍; ഡ്രൈവറെ സാഹസികമായി പുറത്തെത്തിച്ച് നാട്ടുകാര്‍

Update: 2025-11-17 07:22 GMT

കണ്ണൂര്‍: ബൈപാസ് ജംക്ഷനു സമീപം നിര്‍മാണത്തിലുള്ള ദേശീയപാതയിലൂടെ മദ്യലഹരിയില്‍ ഓടിച്ച കാര്‍ അടിപ്പാതയുടെ പാലത്തിനും മണ്ണിട്ട് ഉയര്‍ത്തിയ റോഡിനും ഇടയിലെ വിടവില്‍ വീണ് അപകടം. മദ്യലഹരിയില്‍ കാറോടിച്ച മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമിനെ (29) എടക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് 5.30ന് ബൈപാസിലെ ചാല അമ്പലം സ്റ്റോപ്പിലെ അടിപ്പാതയിലാണു സംഭവം.

അടിപ്പാതയിലെ റോഡിലേക്കു തൂങ്ങിക്കിടന്ന കാറില്‍നിന്ന് ഡ്രൈവറെ നാട്ടുകാരാണ് പുറത്തെടുത്തത്. കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റി. കണ്ണൂരില്‍നിന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.

തലശ്ശേരി ഭാഗത്തുനിന്നു വന്ന കാര്‍ ചാല ബൈപാസ് ജംക്ഷന് സമീപമെത്തിയപ്പോള്‍, കണ്ണൂര്‍ ഭാഗത്തേക്ക് മണ്ണിട്ടുയര്‍ത്തി നിര്‍മിക്കുന്ന ദേശീയപാതയിലേക്ക് കയറുകയായിരുന്നു. വേഗത്തില്‍വന്ന കാര്‍ ചാല അമ്പലം സ്റ്റോപ്പിലെ അടിപ്പാതയുടെ പാലത്തിനും മണ്ണിട്ട ഭാഗത്തിനുമിടയിലെ വിടവിലേക്കു വീഴുകയായിരുന്നു.

സമീപത്തെ ക്ഷേത്രത്തില്‍നിന്ന് നീളമേറിയ ഏണി കൊണ്ടുവന്നാണ് നാട്ടുകാര്‍ ഡ്രൈവറെ കാറില്‍നിന്ന് പുറത്തെത്തിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നതിനാല്‍ വീഴാതിരിക്കാന്‍ നാട്ടുകാരും ഒപ്പം നിന്നു. പിന്നീട് സാവധാനത്തില്‍ താഴത്തേക്കിറക്കുകയായിരുന്നു.

Similar News