പെണ്‍കുട്ടിയുടെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച് യുവാവിനെ കബളിപ്പിച്ചു; ആര്യങ്കോട്ടേക്ക് വിളിച്ചു വരുത്തിയ ശേഷം പണം ആവശ്യപ്പെട്ട് ശരീരമാസകലം മിറിവേല്‍പ്പിച്ചു: ആറുപേര്‍ അറസ്റ്റില്‍
ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച് യുവാവിനെ കബളിപ്പിച്ചു; ആറുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച് യുവാവിനെ കബളിപ്പിക്കുകയും വിളിച്ചു വരുത്തി മാരകമായി ആക്രമിക്കുകയും ചെയ്ത കേസില്‍ ആറുപേരെ ആര്യങ്കോട് പോലിസ് അറസ്റ്റ് ചെയ്തു. ഇടവാല്‍ ഇഴവികോണം മാമൂട്ടുവിളാകം വീട്ടില്‍ നിധിന്‍(കൊച്ചുകാണി-24), സഹോദരന്‍ നിധീഷ്(വലിയകാണി-25), ആര്യന്‍കോട് പഞ്ഞിക്കുഴി പി.കെ.ഹൗസില്‍ ശ്രീജിത്ത്(ശ്രീക്കുട്ടന്‍-24), ബാലരാമപുരം പുന്നയ്ക്കാട് പറയക്കോണം കുളത്തിന്‍കര മേലെപുത്തന്‍വീട്ടില്‍ അഖില്‍(സച്ചു-26), രണ്ട് പ്‌ളസ്ടു വിദ്യാര്‍ഥികള്‍ എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം കുന്നത്തൂര്‍ സ്വദേശി മഹേഷ് മോഹനനെ(40)യാണ് കബളിപ്പിച്ചത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പണവും തട്ടിയെടുത്ത പ്രതികള്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് ക്രൂരമായി ആക്രമിക്കുകയും ശരീരമാസകലം മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച ശേഷം നിരന്തരം ചാറ്റിങിലൂടെ പ്രണയക്കെണിയില്‍ കുരുക്കിയാണ് പ്രതികള്‍ മഹേഷുമായി ബന്ധം സ്ഥാപിച്ചത്.
കഴിഞ്ഞ 22ന് പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച പ്രതികള്‍ മഹേഷിനെ ആര്യങ്കോട്ടേക്കു വിളിച്ചുവരുത്തി പണം ആവശ്യപ്പെട്ട് ആക്രമിക്കുകയായിരുന്നു. മഹേഷിന്റെ സ്മാര്‍ട്ട് ഫോണും എടിഎം കാര്‍ഡും കൈക്കലാക്കിയ പ്രതികള്‍ കാര്‍ഡിന്റെ പിന്‍ നമ്പര്‍ മനസ്സിലാക്കിയശേഷം 21,500 രൂപയും കവര്‍ന്നു. മോചനദ്രവ്യമായി രണ്ടു ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഒരു ലക്ഷം രൂപ ഉടനെ കിട്ടിയില്ലെങ്കില്‍ പോക്‌സോ കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ആക്രണം തുടര്‍ന്നു. കൈ തല്ലിയൊടിച്ച ശേഷം കത്തിയുപയോഗിച്ച് ശരീരമാസകാലം മുറിവേല്പിച്ചു.
മഹേഷിന്റെ കൈവശം പണമില്ലെന്നു ബോധ്യപ്പെട്ടതോടെ അക്രമികള്‍ ഇയാളെ നെയ്യാറ്റിന്‍കരയിലെത്തിച്ച് ഉപേഷിച്ച ശേഷം കടന്നുകളഞ്ഞു. വഴി തെറ്റി പാറശ്ശാലയിലെത്തിയ മഹേഷ് അവിടത്തെ പോലീസ് സ്റ്റേഷനിലെത്തി കാര്യം പറയുകയായിരുന്നു. ശരീരമാസകലം മുറിവേറ്റ മഹേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാറശ്ശാല പോലീസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് ആര്യങ്കോട് എസ്എച്ച്ഒ തന്‍സീം അബ്ദുള്‍ സമദിന്റെ നേതൃത്വത്തില്‍ അക്രമികളെ കണ്ടെത്തുകയായിരുന്നു. പ്രതികളായ നിധിന്റെയും സഹോദരന്‍ നിധീഷിന്റെയും പേരില്‍ നെയ്യാറ്റിന്‍കര, മാരായമുട്ടം, പാറശ്ശാല, കാട്ടാക്കട ഉള്‍പ്പെടെയുള്ള പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്ന് ആര്യങ്കോട് പോലീസ് പറഞ്ഞു. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.
