യുവാവിന്റെ തലയ്ക്കും മുഖത്തും വെട്ടി പരിക്കേൽപ്പിച്ചു; മോഷണ ശ്രമത്തിന് പിന്നാലെ പ്രതികൾ മുങ്ങിയത് തമിഴ്‌നാട്ടിലേക്ക്; രണ്ട് പേർ അറസ്റ്റിൽ

Update: 2025-11-17 12:46 GMT

തിരുവനന്തപുരം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വഴിയാത്രക്കാരനെ ആക്രമിച്ച് കൊള്ളയടിക്കാൻ ശ്രമിച്ച രണ്ട് പേരെ കാട്ടാക്കടയിൽ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട സ്വദേശി അഗ്നീഷ് (27), കൊല്ലം സ്വദേശി സെയ്ദാലി (28) എന്നിവരെയാണ് ആര്യങ്കോട് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വാഴിച്ചൽ സ്വദേശി അരുണിനെയാണ് (37) ഇവർ ആക്രമിച്ചത്.

പോലീസ് ചോദ്യം ചെയ്യലിൽ, കവർച്ച ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. അരുണിന് തലയിലും മുഖത്തും വെട്ടേറ്റിരുന്നു. സംഭവത്തിനുശേഷം പ്രതികൾ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടിരുന്നു. പോലീസ് പിന്തുടർന്ന് ഇവരെ പിടികൂടുകയായിരുന്നു. ഇവർ കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി ആക്രമണ-മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം കാട്ടാക്കടയിലെ ബന്ധുവീട്ടിൽ വന്ന സെയ്‌താലി, അരുണിനെ അവിടെ വെച്ചാണ് പരിചയപ്പെട്ടത്. പിന്നീട് ഇവർ ചേർന്ന് കവർച്ച നടത്താൻ പദ്ധതി തയ്യാറാക്കിയതായി പോലീസ് പറഞ്ഞു. ആര്യങ്കോട് സി.ഐ തൽസിം അബ്ദുൽ സമദ്, അഡീഷണൽ എസ്.ഐ ആനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  

Tags:    

Similar News