'എന്തിനാണ് എ.സി.മൊയ്തീനെ സതീശന്‍ അടിക്കടി കണ്ടുകൊണ്ടിരുന്നത്; മുഖ്യമന്ത്രിയുടെ കൈ പടവലങ്ങയാണോ?' തിരൂര്‍ സതീശനെ സി.പി.എം പണം കൊടുത്തു വാങ്ങിയെന്ന് ശോഭാ സുരേന്ദ്രന്‍

കരുവന്നൂര്‍ കേസില്‍ ഒരു മുന്‍ മന്ത്രി അറസ്റ്റിലാകുമെന്നും ശോഭാ സുരേന്ദ്രന്‍

Update: 2024-11-01 13:30 GMT

തിരുവനന്തപുരം: തിരൂര്‍ സതീശനെ സിപിഎം പണംകൊടുത്തു വാങ്ങിയതെന്ന ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. സതീശന്‍ സിപിഎം നേതാവ് എ.സി.മൊയ്തീനുമായി നിരന്തരം കൂടിക്കാഴ്ച നടത്തിയത് എന്തിനു വേണ്ടിയായിരുന്നെന്നും കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ വെളിപ്പെടുത്തലുകള്‍ അതിന്റെ ഭാഗമാണെന്നും ശോഭ പറഞ്ഞു. പിണറായി പൊലീസ് മാസങ്ങളോളം ആരോപണ വിധേയരെ ചോദ്യംചെയ്തിരുന്നല്ലോ എന്നും ഇക്കാര്യം അന്വേഷിക്കാതിരിക്കാന്‍ പിണറായി വിജയന്റെ കൈ പടവലങ്ങയായിരുന്നോ എന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.

''ബിജെപിയുടെ ഓഫിസില്‍ ജോലി ചെയ്തിരുന്ന, തന്റെ വീടും സ്ഥലവും ഉള്‍പ്പെടെ കടബാധ്യതയില്‍പ്പെട്ടു നില്‍ക്കുന്ന ഒരു പാവപ്പെട്ടവനെ പണം കൊടുത്തുവാങ്ങിയിരിക്കുകയാണ്. എന്തിനാണ് എ.സി.മൊയ്തീനെ സതീശന്‍ അടിക്കടി കണ്ടുകൊണ്ടിരുന്നത്. ഇക്കാര്യത്തില്‍ ഞങ്ങളും ശ്രദ്ധാലുക്കളാണ്. കൊടകര കുഴല്‍പ്പണക്കേസ് മാസങ്ങളോളം പൊലീസ് അന്വേഷിച്ചിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ കൈയും കെട്ടി ഇരിക്കുകയായിരുന്നോ ? അദ്ദേഹത്തിന്റെ കൈ പടവലങ്ങയാണോ ?' ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.

ഒരു കെട്ടുകഥ ചമച്ചുണ്ടാക്കി അതിന്റെ പിറകില്‍ യാത്ര ചെയ്യുകയായിരുന്നു. ആഭ്യന്തര വകുപ്പ് ആരോപണം ബി.ജെ.പിയെ തകര്‍ക്കാനാണ്. കരുവന്നൂര്‍ കേസില്‍ ഒരു മുന്‍ മന്ത്രി അറസ്റ്റിലാകുമെന്നും ശോഭാ സുരേന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു.

അതേസമയം, തിരൂര്‍ സതീശനെ തനിക്ക് അറിയില്ലെന്നും ബിജെപി വീണിടത്തു കിടന്ന് ഉരുളുകയാണെന്നും എ.സി.മൊയ്തീന്‍ പ്രതികരിച്ചു. ''മാധ്യമങ്ങളിലൂടെ മാത്രമാണ് തിരൂര്‍ സതീശനെ കുറിച്ച് കേട്ടിട്ടുള്ളത്. ശോഭയുടെ വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ല. എന്റെ നാട്ടുകാര്‍ക്ക് എന്നെക്കുറിച്ചും ബിജെപിയെക്കുറിച്ചും അറിയാം. കൊടകരയിലേത് കള്ളപ്പണമാണെന്ന് ബിജെപിക്കാര്‍ തന്നെ പറയുന്നു. പാലക്കാട്ടെ സ്ഥാനാര്‍ഥിയെക്കുറിച്ചും അതല്ലേ പറയുന്നത്. കെ.സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് പണം കൊണ്ടുവന്നതെന്ന് പറയുന്നു. അതു ഞങ്ങളല്ലല്ലോ പറഞ്ഞത്. അതിന് ഞങ്ങളെ ആക്ഷേപിക്കുന്നതെന്തിനാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും ബിജെപി കള്ളപ്പണമാണ് ഉപയോഗിക്കുന്നതെന്നാണ് എന്റെ അഭിപ്രായം.''മൊയ്തീന്‍ പറഞ്ഞു.

Tags:    

Similar News