സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗം; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കി

സജി ചെറിയാന്റെ മടപ്പള്ളി പ്രസംഗം: അന്വേഷണം ക്രൈം ബ്രാഞ്ചിന്

Update: 2024-11-28 15:00 GMT

തിരുവനന്തപുരം: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് നല്‍കിയ ഉത്തരവില്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ആവശ്യപ്പെട്ടു.

കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് ആയിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസ് കൈമാറാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിക്കൊണ്ടു ഡിജിപി ഉത്തരവിറിക്കിയിരിക്കുന്നത്.

ഭരണഘടന, ദേശീയ പതാക, ദേശീയ ചിഹ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ അവഹേളിക്കുന്നതു തടഞ്ഞുള്ള നാഷനല്‍ ഓണര്‍ ആക്ടിന്റെ 2003ലെ ഭേദഗതി പ്രകാരം, പ്രസംഗത്തിലെ ചില വാചകങ്ങള്‍ ഭരണഘടനയോടുള്ള അനാദരവായി സംശയിക്കാമെന്നായിരുന്നു നേരത്തേ കോടതി അഭിപ്രായപ്പെട്ടത്. പ്രസംഗത്തില്‍ ഭരണഘടനാ ലംഘനമില്ലെന്ന പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കി സിബിഐയ്ക്ക് അന്വേഷണം കൈമാറണമെന്ന് ആവശ്യപ്പെട്ട് അഡ്വ.എം.ബൈജു നോയല്‍ ആണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. സാക്ഷിമൊഴികള്‍ പോലും രേഖപ്പെടുത്താതെയാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയതെന്നും സജി ചെറിയാന്റെ ശബ്ദ സാംപിള്‍ എടുത്തില്ലെന്നും പ്രസംഗം അടങ്ങുന്ന പെന്‍ഡ്രൈവിന്റെ ഫൊറന്‍സിക് പരിശോധനയുടെ റിപ്പോര്‍ട്ട് പൊലീസിനു കിട്ടിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

എന്നാലിത് തെറ്റാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. പെന്‍ഡ്രൈവ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചെങ്കിലും റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ സര്‍ക്കാര്‍ വാദം കോടതി തള്ളി. സിസിടിവി ദൃശ്യങ്ങളും പ്രസംഗം അടങ്ങുന്ന പെന്‍ഡ്രൈവിന്റെ ഫൊറന്‍സിക് റിപ്പോര്‍ട്ടും കേസില്‍ പ്രധാനപ്പെട്ടതാണെന്നു കോടതി വ്യക്തമാക്കി. അതുകൊണ്ടു തന്നെ അന്വേഷണം പൂര്‍ത്തിയാക്കണം. എന്നാല്‍ കുറ്റാരോപിതന്‍ മന്ത്രിയായതിനാല്‍ എസ്എച്ച്ഒ തലത്തില്‍ അന്വേഷണം നടത്തിയാല്‍ മതിയാകില്ല. അതുകൊണ്ടു സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കാന്‍ ഡിജിപി ഉത്തരവിടണമെന്നും കോടതി പറഞ്ഞു.

കുറച്ചു നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഭരണഘടനയുടെ ഉദ്ദേശ്യം എന്നായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗത്തിലെ ഭാഗം. പ്രസംഗത്തിലെ കുന്തം, കുടച്ചക്രം എന്നീ പ്രയോഗങ്ങള്‍ കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വാക്കുകള്‍ സാന്ദര്‍ഭികമായി ഉപയോഗിച്ചതാണെന്നും ഭരണഘടനയെ അവഹേളിക്കുന്നതല്ല എന്നും പറഞ്ഞിരുന്നു. എന്നാല്‍ ജനാധിപത്യം, മതേതരത്വം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന കാര്യങ്ങളാണ്. അത്തരം കാര്യങ്ങള്‍ക്കൊപ്പമാണ് ഈ വാക്കുകള്‍ ഉപയോഗിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

അവിടെ സന്നിഹിതരായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒട്ടേറെ പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിരുന്നില്ല എന്നും കോടതി പറഞ്ഞു. നിരവധി സാക്ഷികളെ വിസ്തരിച്ചതില്‍നിന്ന് ഭരണഘടനയെ അവഹേളിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ശബ്ദ സാംപിള്‍ ഉള്‍പ്പെടെയുള്ള വിശദമായ പരിശോധനയില്ലാതെ അന്വേഷണ ഉദ്യോഗസ്ഥന് എങ്ങനെ തീര്‍പ്പിലെത്താന്‍ കഴിയുമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. തുടര്‍ന്നാണ് കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.

Tags:    

Similar News