യാത്രക്കാര്‍ പാതിവഴിയില്‍ കുടുങ്ങിയത് മൂന്ന് മണിക്കൂര്‍; ഒടുവില്‍ യാത്ര പുനഃരാരംഭിച്ച് വന്ദേ ഭാരത് എക്‌സ്പ്രസ്; പവര്‍ സര്‍ക്യൂട്ടിലുണ്ടായ തകരാര്‍ പരിഹരിച്ചു; അങ്കമാലിയില്‍ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

യാത്ര പുനഃരാരംഭിച്ച് വന്ദേ ഭാരത് എക്‌സ്പ്രസ്

Update: 2024-12-04 15:49 GMT

ഷൊര്‍ണൂര്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ മൂന്ന് മണിക്കൂര്‍ വൈകി യാത്ര പുനരാരംഭിച്ചു. ട്രെയിനിന് അങ്കമാലിയില്‍ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് വേഗത്തില്‍ നെടുമ്പാശേരിയില്‍ എത്താന്‍ വേണ്ടിയാണ് സ്റ്റോപ്പ്. ട്രെയിന്‍ വൈകിയ സാഹചര്യത്തില്‍ യാത്രക്കാര്‍ നേരിട്ട അസൗകര്യം പരിഹരിക്കാനാണ് ശ്രമം.

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ച് മറ്റൊരു എന്‍ജിന്‍ ഘടിപ്പിച്ചാണ് യാത്ര പുനഃരാരംഭിച്ചത്. വൈകുന്നേരം 5.30ഓടെ നിശ്ചലമായ ട്രെയിന്‍ രാത്രി 8.45ഓടെയാണ് യാത്ര പുനഃരാരംഭിച്ചത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസ്സ് ട്രെയിന്‍ ഷൊര്‍ണൂര്‍ സ്റ്റേഷന്‍ വിട്ട ശേഷം കൊച്ചിന്‍ പാലത്തിന് സമീപത്തുവെച്ചാണ് നിശ്ചലമാകുകയായിരുന്നു. തകരാര്‍ ഉടന്‍ പരിഹരിക്കുമെന്നാണ് യാത്രക്കാരെ അറിയിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ ഇവിടെ കുടങ്ങിക്കിടന്നു. ജീവനക്കാരെത്തി ശ്രമിച്ചെങ്കിലും തകരാര്‍ പരിഹരിക്കാനായില്ല.

ഒടുവില്‍ രാത്രി എട്ടോടെ ഡീസല്‍ എന്‍ജിന്‍ കൊണ്ടുവന്ന് പിന്നിലേക്ക് നീക്കി ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഷൊര്‍ണൂര്‍ സ്റ്റേഷനിലെ ആറാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് വന്ദേ ഭാരത് എത്തിച്ചത്. തുടര്‍ന്ന് മറ്റൊരു എന്‍ജിന്‍ ഘടിപ്പിച്ച് 8.45ഓടെ യാത്ര പുനരാരംഭിക്കുകയായിരുന്നു. പവര്‍ സര്‍ക്യൂട്ടില്‍ തകരാറുണ്ടാകുകയായിരുന്നെന്നാണ് റെയില്‍വേ അറിയിക്കുന്നത്.

ഷൊര്‍ണൂര്‍ പാലത്തിന് സമീപത്ത് വച്ചാണ് ട്രെയിന്‍ സാങ്കേതിക തകരാര്‍ നേരിട്ടത്. വാതില്‍ തുറക്കാനാകാതിരുന്ന ട്രെയിനില്‍ എസിയും പ്രവര്‍ത്തിച്ചില്ല. ഒരു മണിക്കൂറോളം വഴിയില്‍ കിടന്ന ട്രെയിന്‍ പിന്നീട് ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ച ശേഷം തകരാര്‍ പരിഹരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് യാത്ര തുടര്‍ന്നത്. വന്ദേ ഭാരതിന്റെ പവര്‍ സര്‍ക്യൂട്ടിലാണ് തകരാര്‍ ഉണ്ടായതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിച്ച് കൂടുതല്‍ പരിശോധന നടത്തുമെന്ന് റെയില്‍വെ അറിയിച്ചു.

Tags:    

Similar News