ആനയെഴുന്നള്ളിപ്പിനെ ബാധിക്കുന്ന നാട്ടാന പരിപാലന ചട്ടത്തിലും വെടിക്കെട്ടിനെ ബാധിക്കുന്ന പെസൊ നിയമത്തിലും നിയമ ഭേദഗതി വേണം; പൂര പ്രതിസന്ധിയില്‍ ഒറ്റക്കെട്ടെന്ന് തൃശൂര്‍ പൗരാവലി
തൃശൂര്‍ : തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള വിവിധ ആരാധനാലയങ്ങളിലെ ഉത്സവാഘോഷങ്ങളിലെ പ്രതിസന്ധി നീക്കാന്‍ തൃശൂര്‍ പൗരാവലി ഒറ്റക്കെട്ടായി രംഗത്ത്. ആചാര സംരക്ഷണ കൂട്ടായ്മയിലാണ് തൃശൂര്‍ പൗരാവലിയുടെ തീരുമാനം. പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളുടെ നേതൃത്വത്തില്‍ പൂരം, ഉത്സവം, പള്ളിപ്പെരുന്നാള്‍, നേര്‍ച്ച എന്നിവ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനാണ് കൗസ്തുഭം ഓഡിറ്റോറിയത്തില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്.
ജനപ്രതിനിധികള്‍, മതാധ്യക്ഷന്‍മാര്‍, രാഷ്ട്രീയ പാര്‍ടി നേതാക്കള്‍, ഉത്സവ പ്രേമികള്‍ എന്നിവര്‍ പങ്കെടുത്തു. തൃശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളെ പോലെ പെരുമയോടെ നടത്തണമെന്നാണ് യോഗത്തിന്റെ പൊതുവികാരം. ഇക്കാര്യത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണം. ആനയെഴുന്നള്ളിപ്പിനെ ബാധിക്കുന്ന നാട്ടാന പരിപാലന ചട്ടത്തിലും വെടിക്കെട്ടിനെ ബാധിക്കുന്ന പെസൊ നിയമത്തിലും നിയമ ഭേദഗതി കൊണ്ടുവരാന്‍ ആവശ്യപ്പെടും. ഒപ്പം നിയമപരമായ നടപടികളും സ്വീകരിക്കും. തൃശൂരിനെ അടയാളപ്പെടുത്തുന്നത് പൂരമാണ്. എന്ത് കാരണങ്ങള്‍ കൊണ്ടായാലും ഇത് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഒറ്റക്കെട്ടായി നേരിടും. തൃശൂര്‍ പൂരം പ്രൗഢിയോടു കൂടി നടത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാന്‍ കൂട്ടായ്മ തീരുമാനിച്ചു.
പി ബാലചന്ദ്രന്‍ എംഎല്‍എ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷനായി. തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തേറമ്പില്‍ രാമകൃഷ്ണന്‍, ടി ജെ സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ, വി എസ് സുനില്‍കുമാര്‍, കെ വി അബ്ദുള്‍ഖാദര്‍, ബി ഗോപാലകൃഷ്ണന്‍, എ ജയശങ്കര്‍, എം കെ കണ്ണന്‍, ടി എസ് കല്യാണരാമന്‍, കെ കെ അനീഷ് കുമാര്‍, ജോസ് വള്ളൂര്‍, പട്ടാഭിരാമന്‍, നടന്‍ ദേവന്‍, അനില്‍ അക്കര, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരിഷ്‌കുമാര്‍, ആക്ടിങ് പ്രസിഡന്റ് പ്രശാന്ത് മേനോന്‍, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് എന്നിവര്‍ സംസാരിച്ചു.