എസ്‌ഐയെ കാറിടിച്ചു വീഴ്ത്തി കടന്നുകളയാന്‍ ശ്രമം; ലഹരിക്കടത്ത് സംഘത്തെ പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തി പോലിസ് സംഘം

എസ്‌ഐയെ കാറിടിച്ചു വീഴ്ത്തി കടന്നുകളയാന്‍ ശ്രമം; ലഹരിക്കടത്ത് സംഘത്തെ പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തി പോലിസ് സംഘം

Update: 2024-12-09 01:27 GMT

മലപ്പുറം: എസ്‌ഐയെ കാറിടിച്ചു വീഴ്ത്തിയ ശേഷം കടന്നുകളയാന്‍ ശ്രമിച്ച ലഹരിക്കടത്തു സംഘത്തിലെ രണ്ടുപേരെ ഇതേ എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് പിന്തുടര്‍ന്നു കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. വെളിയങ്കോട് വലിയകത്ത് പള്ളിയില്‍ ഫിറോസ് (27), പൊന്നാനി തെക്കേപ്പുറം ചക്കരക്കാരന്റെ മുഹമ്മദ് റിയാസുദ്ദീന്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.

രാസലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇവര്‍. ലഹരി കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് പിടിയിലാവുന്നത്. ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎയുമായി എത്തിയ സംഘത്തെ തടഞ്ഞപ്പോഴാണു സംഭവം. എസ്‌ഐ ആര്‍.യു.അരുണിന്റെ കൈക്കു പരുക്കേറ്റു. പ്രതികളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇദ്ദേഹം താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി.

പൊന്നാനിയിലും വെളിയങ്കോട് പരിസരങ്ങളിലും ആഡംബര കാറില്‍ രാസലഹരി വില്‍ക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നു നാലംഗ സംഘത്തെ പൊലീസ് ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണു സംഘം ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎയുമായി കാറില്‍ വരുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് എസ്‌ഐ ആര്‍.യു.അരുണിന്റെ നേതൃത്വത്തില്‍ ആനപ്പടി ഭാഗത്ത് പരിശോധനയ്ക്കിറങ്ങി.

ഇതുവഴി കാറിലെത്തിയ സംഘത്തെ തടയാന്‍ ശ്രമിച്ച പൊലീസിനെ ഇടിച്ചുവീഴ്ത്തി പൊലീസ് ജീപ്പിലും ഇടിച്ചു കാര്‍ മുന്നോട്ടു പാഞ്ഞു. തുടര്‍ന്ന് ജീപ്പിലും ബൈക്കിലുമായി പൊലീസ് ഇവരെ പിന്തുടര്‍ന്നു. വെളിയങ്കോട് പഴഞ്ഞി പാലത്തിനു സമീപം വാഹനം ഒളിപ്പിച്ച് 4 പ്രതികളും പല ഭാഗങ്ങളിലേക്കായി ഓടി. ഇവരെ പിന്തുടര്‍ന്നാണു രണ്ടുപേരെ പൊലീസ് പിടികൂടിയത്. കാറില്‍ നിന്ന് എംഡിഎംഎയും ഇതു പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളും ഇലക്ട്രിക് ത്രാസും ഇരുമ്പുവടികളും കണ്ടെടുത്തു. പിടിയിലായ സാദിഖ് നേരത്തേ വധശ്രമക്കേസില്‍ പ്രതിയാണ്.

Tags:    

Similar News