ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി ദര്‍ശനം; മന:പൂര്‍വ്വമല്ലാത്ത പിഴവ് സംഭവിച്ചു; ഖേദം പ്രകടിപ്പിച്ച് സോപാനം സ്പെഷ്യല്‍ ഓഫീസര്‍ ഹൈക്കോടതിയില്‍

ഖേദം പ്രകടിപ്പിച്ച് സോപാനം സ്പെഷ്യല്‍ ഓഫീസര്‍ ഹൈക്കോടതിയില്‍

Update: 2024-12-09 12:32 GMT

പത്തനംതിട്ട: ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി ദര്‍ശന വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് സോപാനം സ്പെഷ്യല്‍ ഓഫീസര്‍. മന:പൂര്‍വ്വമല്ലാത്ത പിഴവ് സംഭവിച്ചുവെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ദിലീപിന് പ്രത്യേക പരിഗണ നല്‍കിയെന്ന വിവാദത്തില്‍ ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉണ്ടായ സാഹചര്യത്തില്‍ നാല് പേര്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഹരിവാസനം പാടുന്ന സമയത്തായിരുന്നു ദിലീപിന് ശബരിമലയില്‍ ദര്‍ശനത്തിന് വഴിയൊരുക്കിയത്. പത്ത് മിനിറ്റിലേറെ മുന്‍ നിരയില്‍ തന്നെ നിന്ന് ദര്‍ശനം നടത്തിയ ദിലീപ് മറ്റ് ഭക്തരുടെ ദര്‍ശനത്തിനും ക്യൂ നീങ്ങുന്നതിനും തടസം സൃഷ്ടിച്ചെന്നാണ് ആരോപണം.

വ്യാഴാഴ്ച രാത്രിയാണ് ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ ദിലീപിനെ അനുഗമിക്കുകയും ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദര്‍ശനം നടത്തിപ്പോകാനുള്ള അവസരം ഒരുക്കിയെന്നുമുള്ള ആക്ഷേപമാണ് ഉയര്‍ന്നത്.

ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് കോടതി നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവിടെ എത്തുന്ന എല്ലാ ഭക്തരും സമന്മാരാണ്. എല്ലാവര്‍ക്കും വിര്‍ച്വല്‍ ക്യൂ വഴിയാണ് അവിടെ ദര്‍ശനം അനുവദിക്കുന്നത്. അതുകൊണ്ട് ആ രീതിക്ക് കാര്യങ്ങള്‍ നടക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച സുനില്‍ സ്വാമിയുടെ കേസിന്റെ വിധിന്യായം പുറത്തുവന്നപ്പോള്‍ അതിലും ഇക്കാര്യം കോടതി എടുത്തുപറഞ്ഞിരുന്നു.

Tags:    

Similar News