മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടു; സ്വിഗ്ഗി തൊഴിലാളികളുടെ സമരം താല്‍ക്കാലം നിര്‍ത്തി; മാനേജ്‌മെന്റ് പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം നടത്തും
സ്വിഗ്ഗി തൊഴിലാളികളുടെ സമരം താല്‍ക്കാലം നിര്‍ത്തി
തിരുവനന്തപുരം: ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ സംവിധാനമായ സ്വിഗ്ഗിയിലെ തൊഴിലാളികള്‍ അനിശ്ചിത കാല പണിമുടക്ക് അവസാനിപ്പിച്ചു. മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി സമരം അവസാനിപ്പിച്ചത്. ഈ മാസം 23 നു മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം വിളിക്കുന്നുണ്ട്. സ്വിഗി മാനേജ്‌മെന്റ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന് ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് സ്വിഗ്ഗി തൊഴിലാളികള്‍ അറിയിച്ചു.
ശമ്പള വര്‍ധന ഉള്‍പ്പെടെ തൊഴിലാളികള്‍ നാളുകളായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് സൊമാറ്റോയിലെ തൊഴിലാളികളും ഇന്ന് സൂചന പണിമുടക്ക് നടത്തിയിരുന്നു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി തൊഴിലാളി യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് ആരംഭിച്ചത്.
പണിമുടക്കിയ തൊഴിലാളികള്‍ തിരുവനന്തപുരത്ത് ഇന്‍സ്റ്റാ മാര്‍ട്ടിന് മുന്നില്‍ ധര്‍ണ നടത്തി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂണിയനുകള്‍ മാനേജ്‌മെന്റിന് കത്ത് നല്‍കിയിരുന്നു. പക്ഷേ ഒന്നും അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. ശമ്പളം വധിപ്പിക്കുക, ഫുള്‍ടൈം ജോലി ചെയ്യുന്നവര്‍ക്ക് മിനിമം ഗാരണ്ടിയായി 1250 രൂപ നല്‍കുക, ലൊക്കേഷന്‍ മാപ്പില്‍ കൃത്രിമം കാട്ടുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.