ഗുരുവായൂര്‍ ക്ഷേത്രനടയില്‍ തന്നെ വിവാഹ രജിസ്‌ട്രേഷന്‍; ഉദ്ഘാടനം 20ന്
ഗുരുവായൂര്‍ ക്ഷേത്രനടയില്‍ തന്നെ വിവാഹ രജിസ്‌ട്രേഷന്‍; ഉദ്ഘാടനം 20ന്
ഗുരുവായൂര്‍: ഗുരുവായൂര്‍ക്ഷേത്രനടയില്‍ വിവാഹരജിസ്ട്രേഷന്‍ കേന്ദ്രം 20-ന് തുറക്കും. അമ്പലനടയില്‍ താലികെട്ടിയാല്‍ വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ ഇനി നഗരസഭാ ഓഫീസിലേക്കു പോകേണ്ടാ. ഇനിമുതല്‍ അമ്പല നടയില്‍ തന്നെ ചെയ്യാം. കല്ല്യാണമണ്ഡപങ്ങള്‍ക്കു തൊട്ടു കിഴക്കാണ് ഗുരുവായൂര്‍ നഗരസഭയും ഗുരുവായൂര്‍ ദേവസ്വവും ചേര്‍ന്ന് രജിസ്ട്രേഷന്‍ കേന്ദ്രം ഒരുക്കിയിട്ടുള്ളത്.
വരനും വധുവിനും ബന്ധുക്കള്‍ക്കും വിശ്രമിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രണ്ടു ജീവനക്കാരുണ്ടാകും. ഞായറാഴ്ചകളിലും മറ്റ് പൊതു അവധിദിവസങ്ങളിലും പ്രവര്‍ത്തിക്കും. രജിസ്‌ട്രേഷനാവശ്യമായ രേഖകള്‍ കൈവശമുണ്ടാകണമെന്ന് മാത്രം. 20ന് വൈകീട്ട് നാലിന് തദ്ദേശവകുപ്പുമന്ത്രി എം.ബി. രാജേഷ് രജിസ്‌ട്രേഷന്‍ കേന്ദ്രം ഉദ്ഘാടനം ചെയ്യും.
ഗുരുവായൂരില്‍ രാവിലെ അഞ്ചു മുതല്‍ കല്യാണങ്ങള്‍ നടക്കുന്നുണ്ട്. നഗരസഭാ ഓഫീസില്‍ രജിസ്ട്രേഷന്‍ ആരംഭിക്കുന്നത് രാവിലെ പത്തിനാണ്. എന്നാല്‍, വിവാഹസംഘങ്ങളുടെ സൗകര്യാര്‍ഥം ക്ഷേത്രനടയിലെ രജിസ്ട്രേഷന്‍ കൗണ്ടര്‍ രാവിലെ ആറര മുതല്‍ പ്രവര്‍ത്തിപ്പിക്കാനാകുമോയെന്ന കാര്യം ആലോചിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ എം. കൃഷ്ണദാസ് പറഞ്ഞു.
വരന്റെയും വധുവിന്റെയും പേരുകള്‍ ചേര്‍ത്തുള്ള രേഖ നല്‍കുന്ന കാര്യം ദേവസ്വം ആലോചിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടു. വിവാഹ രജിസ്ട്രേഷന്‍ സമയത്ത് അത് ഉപകാരപ്രദവുമാണ്. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിലും ദേവസ്വം ബോര്‍ഡുകളിലുമെല്ലാം വിവാഹം നടത്തിയതിനുള്ള രേഖ നല്‍കാറുണ്ട്.