തമിഴ്‌നാട്ടില്‍ നിന്നും ജോലിക്കെത്തിയ 32കാരിയെ പീഡിപ്പിച്ച കേസ്; സ്ത്രീയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് 23 വര്‍ഷം തടവ്
തമിഴ്‌നാട്ടില്‍ നിന്നും ജോലിക്കെത്തിയ 32കാരിയെ പീഡിപ്പിച്ച കേസ്; സ്ത്രീയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് 23 വര്‍ഷം തടവ്
കണ്ണൂര്‍: തമിഴ്‌നാട്ടില്‍നിന്ന് ജോലിക്കായി കണ്ണൂരിലെത്തിയ മുപ്പത്തിരണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ സ്ത്രീയുള്‍പ്പെടെ മൂന്നുപേരെ കോടതി 23 വര്‍ഷം തടവിനും 23,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. സേലം സ്വദേശിനി മലര്‍ (45), നീലേശ്വരം സ്വദേശി പി.വിജേഷ് (42), മലപ്പുറം സ്വദേശി എം.മുസ്തഫ (44) എന്നിവരെയാണ് കണ്ണൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ ജഡ്ജി എം.ടി.ജലജാറാണി ശിക്ഷിച്ചത്.
മലരിന്റെ ഒത്താശയോടെ വിജേഷും മുസ്തഫയും ചേര്‍ന്ന് പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് കേസ്. മലരിന്റെ കൂടെ കൂലിവേല ചെയ്യാനാണ് യുവതി കണ്ണൂരിലെത്തിയത്. തോട്ടടയിലുള്ള വാടകവീട്ടിലെത്തിച്ച് മദ്യംകുടിപ്പിച്ച ശേഷം ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി.പ്രീതാകുമാരി ഹാജരായി.
സംഭവശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതികള്‍ കണ്ണൂര്‍ എ.സി.പി. ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ശാസ്ത്രീയാന്വേഷണത്തിലാണ് പിടിയിലായത്.