കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ല; ഇടതുപക്ഷത്ത് നിലനില്‍ക്കുന്നയാള്‍ ഇതുപോലുള്ള കാര്യങ്ങള്‍ പറയുന്നത് തെറ്റ്; ബാലിശമായ വിമര്‍ശനത്തിന് വില കല്‍പ്പിക്കുന്നില്ല; കേക്ക് വിവാദത്തില്‍ സുനില്‍ കുമാറിന് മറുപടിയുമായി തൃശൂര്‍ മേയര്‍
തൃശൂര്‍: സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വി.എസ്. സുനില്‍കുമാറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്. കെ.സുരേന്ദ്രനെ സ്വീകരിച്ചത് സാമാന്യമര്യാദയുടെ ഭാഗമെന്ന് മേയര്‍ പറഞ്ഞു. ബിജെപിയുടെ സ്‌നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് കൈമാറിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മേയര്‍ക്കെതിരെ സുനില്‍ കുമാര്‍ രംഗത്തെത്തിയത്. ഇതിനാണ് മേയര്‍ മറുപടി പറയുന്നത്.
കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ല. ഇടതുപക്ഷത്ത് നിലനില്‍ക്കുന്നയാള്‍ ഇതുപോലുള്ള കാര്യങ്ങള്‍ പറയുന്നത് തെറ്റാണ്. ബാലിശമായ വിമര്‍ശനത്തിന് വില കല്‍പ്പിക്കുന്നില്ലെന്നും വര്‍ഗീസ് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനില്‍നിന്ന് വര്‍ഗീസ് ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണെന്ന് സുനില്‍ കുമാര്‍ പറഞ്ഞിരുന്നു. ചോറ് ഇവിടെയും കൂറ് അവിടെയും എന്ന രീതിയാണിത്. വര്‍ഗീസിനെ മാറ്റണമെന്ന് സിപിഐ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. മേയറെ തുടരാന്‍ തീരുമാനിച്ചതാണ് പ്രശ്‌നമെന്നും സുനില്‍ കുമാര്‍ പറഞ്ഞിരുന്നു. കേക്ക് കഴിച്ചത് അത്ര നിഷ്‌കളങ്കമല്ലെന്നും, മേയര്‍ക്ക് കൂറില്ലെന്നുമായിരുന്നു സുനില്‍കുമാറിന്റെ വിമര്‍ശനം. എന്നാല്‍ ഇത്തരം വാദങ്ങളും വിമര്‍ശനങ്ങളും ബാലിശമാണെന്നും അതിനൊന്നും താന്‍ വില കല്‍പ്പിക്കുന്നില്ലെന്നും എംകെ വര്‍ഗീസ് മറുപടി നല്‍കി.
''ഞാനൊരു ക്രിസ്ത്യാനി അല്ലെടോ.. ക്രിസ്മസായിട്ട് എനിക്ക് സ്വന്തം പാര്‍ട്ടിക്കാര്‍ കേക്ക് കൊണ്ട് തന്നില്ല, കോണ്‍ഗ്രസുകാരും തന്നില്ല.. ക്രിസ്മസ് ദിവസം സ്‌നേഹം പങ്കിടുന്നത് പതിവാണ്. അതിന്റെ ഭാഗമായി കേക്കുമായി ഒരാള്‍ വരുമ്പോള്‍ എന്റെ വീട്ടിലേക്ക് കയറുത് എന്ന് പറയുന്ന സംസ്‌കാരം എനിക്കില്ല, കാരണം ഞാന്‍ ക്രിസ്ത്യാനിയാണ്. സ്‌നേഹം പങ്കിടുന്നവരാണ്. കഴിഞ്ഞ നാല് വര്‍ഷമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും ഓഫീസില്‍ ഞാന്‍ കേക്ക് എത്തിക്കാറുണ്ട്, ഈ പ്രാവശ്യവും എല്ലാവര്‍ക്കും കേക്ക് നല്‍കി. ' എംകെ വര്‍ഗീസ് പ്രതികരിച്ചു.