സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം; ആലപ്പുഴയില്‍ യുവാവിനെ കാറില്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമം: തക്കസമയത്ത് എത്തി രക്ഷിച്ച് പോലിസ്

സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം; ആലപ്പുഴയില്‍ യുവാവിനെ കാറില്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമം: തക്കസമയത്ത് എത്തി രക്ഷിച്ച് പോലിസ്

Update: 2024-12-28 00:17 GMT

ആലപ്പുഴ: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ആലപ്പുഴ നഗരത്തില്‍ നിന്നും യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തക്കസമയത്ത് സംഭവ സ്ഥലത്ത് എത്തിയ പൊലീസ് യുവാവിനെ രക്ഷപ്പെടുത്തി. യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചവരെ പിടികൂടാന്‍ നോക്കിയെങ്കിലും പിന്നാലെയെത്തിയ കാറില്‍ കയറി സംഘം രക്ഷപ്പെട്ടു.

ഇന്നലെ രാത്രി ആലപ്പുഴ ബൈപാസിലാണ് സംഭവം. കരുനാഗപ്പള്ളി ചക്കുപള്ളി സ്വദേശി ഷംനാദിനെ (32) ആണ് ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയത്. ഇന്നലെ രാത്രി ബൈപാസില്‍ വിജയ് പാര്‍ക്കിന് സമീപത്താണ് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഷംനാദുമായി പരിചയമുള്ളവര്‍ തന്നെയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയത്.

ഇന്നലെ രാത്രി കളര്‍കോട് ഭാഗത്ത് നിന്നാണ് സാമ്പത്തിക ഇടപാടിനെ കുറിച്ച് സംസാരിക്കാന്‍ യുവാവിനെ സംഘം കാറില്‍ കയറ്റിയത്. സംസാരം തര്‍ക്കത്തിലേക്ക് കടന്നതോടെ കാര്‍ വിജയ് പാര്‍ക്ക് ഭാഗത്ത് എത്തിയപ്പോള്‍ യുവാവ് സ്റ്റിറയിങ്ങില്‍ പിടിച്ചു തിരിച്ചു. ഇതോടെ നിയന്ത്രണം വിട്ട് വാഹനം ബൈപാസിന്റെ കൈവരിയില്‍ ഇടിച്ചു നിന്നു. കാര്‍ നിന്നതോടെ യുവാവ് കാറില്‍ നിന്നു പുറത്തു കടന്നു കാറിന്റെ മുന്‍വശത്തെ ചില്ല് അടിച്ചു തകര്‍ത്ത ശേഷം കൊമ്മാടി ഭാഗത്തേക്ക് ഓടി.

ഇതേസമയം, ബൈപാസില്‍ പട്രോളിങ് നടത്തുകയായിരുന്ന ബൈപാസ് ബീക്കണ്‍ പൊലീസിലെ എസ്‌ഐ: എ.രാധാകൃഷ്ണക്കുറുപ്പ്, സിപിഒ എം.എസ്.സക്കീര്‍ എന്നിവര്‍ സ്ഥലത്തെത്തി. പൊലീസിന് കണ്ട് സംഘത്തിലുണ്ടായിരുന്നവര്‍ പിന്നാലെ വന്ന മറ്റൊരു കാറില്‍ കയറി കടന്നു കളയുകയായിരുന്നു. അപകടത്തില്‍പെട്ട കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. ഇരുകൂട്ടരും പരിചയക്കാരാണെന്നും സാമ്പത്തിക ഇടപാടാണു സംഭവത്തിനു പിന്നിലെന്നും സൗത്ത് ഇന്‍സ്‌പെക്ടര്‍ കെ.ശ്രീജിത്ത് പറഞ്ഞു.

Tags:    

Similar News