അമ്മയുടെ മന്ത്രവാദ ചികിത്സയ്ക്കായി വീട്ടിലെത്തി; കൗണ്‍സിലിങെന്ന പേരില്‍ 17കാരിയായ മകളെ പീഡിപ്പിച്ചത് മൂന്ന് തവണ: മധ്യവയസ്‌കന് 54 വര്‍ഷം തടവും പിഴയും വിധിച്ച് കോടതി

അമ്മയുടെ മന്ത്രവാദ ചികിത്സയ്ക്കായി വീട്ടിലെത്തി; 17കാരിയായ മകളെ പീഡിപ്പിച്ചത് മൂന്ന് തവണ: പ്രതിക്ക് 54 വര്‍ഷം തടവും പിഴയും

Update: 2024-12-28 00:33 GMT

മലപ്പുറം: അമ്മയുടെ മന്ത്രവാദ ചികിത്സയ്ക്കായി വീട്ടിലെത്തിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍, മധ്യവയസ്‌കന് 54 വര്‍ഷം തടവും പിഴയും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടിലെത്തി പീഡിപ്പിച്ച ഉസ്താദിനെയാണ് മഞ്ചേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. അമ്മയുടെ ചികിത്സയുടെ മറവിലാണ് പതിനേഴുകാരിയെ ഇയാള്‍ ക്രൂര പീഡനത്തിനിരയാക്കിയത്. 2021ലായിരുന്നു കേസിന് ആസ്പദമായ സംഭവം.

വളാഞ്ചേരി ഉസ്താദ് എന്നറിയപ്പെടുന്ന മുഹമ്മദ് പി.സി എന്ന പ്രതി സ്ഥലത്തെ പ്രധാന മന്ത്രവാദ ചികിത്സകനാണ്. പെണ്‍കുട്ടിയുടെ അമ്മയുടെ ചികിത്സിക്കായി ഇയാള്‍ വീട്ടിലെത്തുന്നത് പതിവായിരുന്നു. ചികിത്സയുടെ പേരില്‍ അമ്മയെ മറ്റൊരു മുറിയിലേക്ക് മാറ്റിയതിനു ശേഷമായിരുന്നു പീഡനം. കുട്ടിയ്ക്ക് കൗണ്‍സിലിങ് നല്‍കുകയാണെന്നാണ് ഇയാള്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്. ബന്ധുക്കള്‍ ഇത് വിശ്വസിക്കുകയും ചെയ്തു.

ചികിത്സയുടെ പേരില്‍ സ്ഥിരമായി വീട്ടിലെത്തിയിരുന്ന ഇയാള്‍ രണ്ടു മാസത്തിനിടെ മൂന്നു തവണ പെണ്‍കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കി. തുടര്‍ന്ന് സങ്കടം സഹിക്കാനാവാതെ സഹോദരിയോട് പെണ്‍കുട്ടി പീഡന വിവരം വെളുപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. വിവിധ വകുപ്പുകളിലായി 54 വര്‍ഷം തടവും 2,95,000 രൂപ പിഴയുമാണ് കഴിഞ്ഞ ദിവസം പ്രതിക്ക് മഞ്ചേരി പോക്‌സോ കോടതി വിധിച്ചത്.

Tags:    

Similar News