എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ എട്ടോളം ടെസ്റ്റുകള്‍ വീണ്ടും നടത്തണം; ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ തുടര്‍ ചികിത്സ വൈകുന്നു
ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ തുടര്‍ ചികിത്സ വൈകുന്നു
ആലപ്പുഴ: ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ ഗുരുതര ജനിതക വൈകല്യങ്ങളുമായി ജനിച്ച കുഞ്ഞിന്റെ തുടര്‍ ചികിത്സയില്‍ തീരുമാനം വൈകുന്നു. ഇതോടെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് പ്രദേശത്തെ രാഷ്ട്രീയനേതാക്കള്‍. കുഞ്ഞിന് എംആര്‍ഐ സ്‌കാനിംഗ് ഉള്‍പ്പടെ എട്ടോളം ടെസ്റ്റുകള്‍ വീണ്ടും നടത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ് വണ്ടാനം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍. എന്നാല്‍ ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ദ്ധ സംഘത്തിന്റെ നിര്‍ദേശം ഇനിയും ലഭിച്ചിട്ടില്ല. ഇതിന്റെ ആശങ്കയിലാണ് കുടുംബം.
ദിവസങ്ങളായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്. വായിലെ ശ്രവം തലച്ചോറിലേക്ക് പോകാന്‍ സാദ്ധ്യതയുള്ളതിനാല്‍ കുഞ്ഞിനെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കണമെന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്ന് ഡോക്ടര്‍ മാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. എംആര്‍ഐ ഉള്‍പ്പടെ ഇതുവരെ നടത്തിയ ഏട്ടോളം ടെസ്റ്റുകള്‍ വീണ്ടും നടത്തണം. എന്നാല്‍, ഇതൊന്നും ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ദ്ധ സംഘത്തിന്റെ നിര്‍ദേശപ്രകാരം ഉള്ളതല്ല. തുടര്‍ ചികിത്സ സംബന്ധിച്ച വിദഗ്ദ്ധ സംഘത്തിന്റെ നിര്‍ദേശം ലഭിക്കാത്തതാണ് കുടുംബത്തെ ആശങ്കപ്പെടുത്തുന്നത്.
കുഞ്ഞിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ദിവസേന ആശുപത്രിയില്‍ പോകേണ്ട അവസ്ഥയാണ് കുടുംബം. എന്നിട്ടും കാരണക്കാരായവര്‍ക്കെതിരെ നടപടി ഇല്ലെന്ന് കുടുംബം ആവര്‍ത്തിക്കുന്നു. കുഞ്ഞിനെ ഇടയ്ക്കിടെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥയാണെന്നും ഇതുമായി പൊരുത്തപ്പെടണമെന്നുമാണ് അധികൃതര്‍ തങ്ങളോട് പറയുന്നതെന്ന് കുഞ്ഞിന്റെ പിതാവ് അനീഷ് മുഹമ്മദ് പറഞ്ഞു.
കുഞ്ഞിനെ ഏതുനിമിഷം വേണമെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായി നില്‍ക്കണമെന്നും അതിനായി എല്ലാം മാറ്റിവയ്ക്കണമെന്നും അധികൃതര്‍ പറയുന്നത്. അതിന് തയ്യാറാകുമ്പോഴും ഇത്തരമൊരു അവസ്ഥയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ യാതൊരു നടപടിയുമില്ലെന്നും ലാബുകള്‍ അടക്കം പൂട്ടിയിട്ടില്ലെന്നും അനീഷ് ആരോപിച്ചു.കുഞ്ഞിന്റെ ഇപ്പോഴത്തെ ചികിത്സകള്‍ സൗജന്യമായി നല്‍കണമെന്ന് സര്‍ക്കാരില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. അതേസമയം, തുടര്‍ ചികിത്സ സംബന്ധിച്ച തീരുമാനം ഇപ്പോഴും ഇല്ലെന്ന് അനീഷ് പറഞ്ഞു.