ചികിത്സയിലിരിക്കുന്ന ഗൃഹനാഥനെ ബാങ്കില്‍ വിളിച്ചു വരുത്തിയ ശേഷം വീട് ജപ്തി ചെയ്തു; വയോധിക അടക്കം രാത്രിയില്‍ പെരുവഴിയിലായി: മരുന്നുകളടക്കം വീടിനകത്തിട്ട് പൂട്ടി ബാങ്ക് അധികൃതരുടെ ക്രൂരത

ചികിത്സയിലിരിക്കുന്ന ഗൃഹനാഥനെ ബാങ്കില്‍ വിളിച്ചു വരുത്തിയ ശേഷം വീട് ജപ്തി ചെയ്തു; വയോധിക അടക്കം പെരുവഴിയില്‍

Update: 2024-12-29 02:01 GMT

തിരുവനന്തപുരം: ഏണിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന ഗൃഹനാഥനെയും ഭാര്യയെയും ബാങ്കില്‍ വിളിച്ചുവരുത്തിയ ശേഷം വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതര്‍. നെടുമങ്ങാട് അര്‍ബന്‍ സഹകരണ ബാങ്ക് നിര്‍ധന കുടുംബത്തോട് കണ്ണില്ലാത്ത ക്രൂരത കാട്ടിയത്. വീട് പൂട്ടി ബാങ്ക് അധികൃതര്‍ പോയതോടെ 85 വയസ്സുകാരി ഉള്‍പ്പെടെയുള്ള കുടുംബം രാത്രിയില്‍ പെരുവഴിയിലായി. നിത്യേന കഴിക്കേണ്ട മരുന്നുകള്‍ അടക്കം വീടിനുള്ളില്‍ വെച്ച് പൂട്ടിയാണ് ബാങ്ക് അധികൃതര്‍ മടങ്ങിയത്.

കന്യാകുളങ്ങര ഇടവിളാകത്തു വീട്ടില്‍ വൈ.പ്രഭകുമാരിയും ഭര്‍ത്താവ് സജിമോനും മകനും 85 വയസ്സുള്ള അമ്മ യശോദയുമാണ് രാത്രി വീടിന് പുറത്തായത്. വായ്പ കുടിശികയുടെ പേരില്‍ വെള്ളിയാഴ്ച വൈകിട്ട് 4.30ന് ആണ് നെടുമങ്ങാട് അര്‍ബന്‍ സഹകരണ ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തത്. ഏണിയില്‍നിന്നു വീണ് പരുക്കേറ്റ സജിമോന്റെയും യശോദയുടെയും മരുന്നുകളടക്കം വീട്ടിനകത്തായിരുന്നു. രാത്രി 12 മണിയോടെ വട്ടപ്പാറ പൊലീസെത്തി യശോദയെ സമീപത്തെ വീട്ടിലേക്കു മാറ്റി. പ്രഭകുമാരി പൊലീസില്‍ പരാതി നല്‍കി.

ഒന്നര ലക്ഷം രൂപയാണ് സജിമോനും കുടുംബവും ബാങ്കില്‍ നിന്നും വായ്പയെടുത്തത്. സജിമോന് വയ്യാതായതോടെ ഇടയ്ക്ക് തിരിച്ചടവ് മുടങ്ങി. കുടിശിക വരുത്തിയതിനത്തുടര്‍ന്ന്, കോടതി ചുമതലപ്പെടുത്തിയ അഡ്വക്കറ്റ് കമ്മിഷണറുടെ നേതൃത്വത്തിലാണു ജപ്തി നടപടിയെന്ന് ബാങ്ക് ചെയര്‍മാന്‍ തേക്കട അനില്‍കുമാര്‍ പറഞ്ഞു. 2,30,000 രൂപ തിരിച്ചടയ്ക്കാനുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. സംഭവമറിഞ്ഞ് മന്ത്രി ജി.ആര്‍.അനില്‍ ഇന്നലെ സ്ഥലത്തെത്തി. മനുഷ്യത്വരഹിതമായ പെരുമാറ്റം നടത്തിയ ബാങ്ക് ജീവനക്കാരുടെ പേരില്‍ നടപടിക്കായി സഹകരണസംഘം രജിസ്ട്രാറോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. മന്ത്രി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയതോടെ നാട്ടുകാര്‍ കതക് ചവിട്ടിത്തുറന്ന് കുടുംബത്തെ വീട്ടിനകത്തു പ്രവേശിപ്പിച്ചു.

Tags:    

Similar News