കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയില്‍ സുരക്ഷ വീഴ്ച; കൊച്ചി നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; അന്വേഷണത്തിന് സെക്രട്ടറിക്ക് നിര്‍ദേശം

കൊച്ചി നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2025-01-01 11:44 GMT

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടി സംഘടിപ്പിച്ച സംഭവത്തില്‍ കൊച്ചി നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ ലൈസന്‍സിന് വേണ്ടി നഗരസഭയെ സമീപിച്ചിരുന്നു. എന്നാല്‍ ടിക്കറ്റ് വെച്ച് നടത്താത്ത പരിപാടിയാണെന്ന് അറിയിച്ചതിനാല്‍ ലൈസന്‍സിന്റെ അപേക്ഷ നിരസിച്ചു. എന്നാല്‍ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എന്‍ നിതയ്‌ക്കെതിരെയാണ് നടപടി. വീഴ്ചയില്‍ അന്വേഷണത്തിന് സെക്രട്ടറിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കൊച്ചി നഗരസഭയിലെ കലൂര്‍ 16ാം ഡിവിഷനിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ പരിപാടിയെ സംബന്ധിച്ച് വ്യക്തമാക്കികൊണ്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ടിക്കറ്റ് വെച്ച് നടത്താത്ത പരിപാടിയാണെന്ന് സംഘാടകര്‍ അറിയിച്ചതിനാല്‍ ലൈസന്‍സിന്റെ അപേക്ഷ നിരസിക്കുകയായിരുന്നു. കൂടാതെ ഇത്തരമൊരു അപേക്ഷ ലഭിച്ചവിവരം കോര്‍പ്പറേഷന്‍ സെക്രട്ടറിയെയോ റവന്യൂ വിഭാഗത്തെയോ അറിയിക്കുകയും ചെയ്തില്ല. ഇക്കാരണം വ്യക്തമാക്കി കൊണ്ടാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറിനെ സസ്‌പെന്‍ഡ് ചെയ്തത്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇക്കാര്യം നഗരസഭ ഉദ്യോഗസ്ഥരെ അറിയിക്കുകയും അവര്‍ സ്റ്റേഡിയത്തില്‍ പോയി പരിശോധന നടത്തണമായിരുന്നുവെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം പരിപാടി നടക്കുന്നതിന്റെ തലേദിവസമാണ് സംഘാടകര്‍ ലൈസന്‍സിന് വേണ്ടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സമീപിച്ചത്. ടിക്കറ്റ് വെച്ച് നടത്തുന്ന പരിപാടി ആയതിനാല്‍ തന്നെ ഇക്കാര്യം അറിയിക്കേണ്ടിയിരുന്നത് റവന്യൂ വകുപ്പിനെയാണെന്നിരിക്കെയാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സമീപിച്ചത്.

ഇത്തരത്തില്‍ പരിപാടി സംഘടിപ്പക്കുമ്പോള്‍ പിപിആര്‍ ലൈസന്‍സ് ആവശ്യമാണ്. അതിന് നഗരസഭയുടെ റവന്യൂ, ഹെല്‍ത്ത്, എന്‍ജിനീയറിങ് വിഭാഗങ്ങളുടെ അനുമതി വേണം. പരിപാടിയുടെ സംഘാടകര്‍ തലേദിവസമാണ് അനുമതിക്കായി ഹെല്‍ത്ത് ഇന്‍സ്പക്ടറെ സമീപിച്ചത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ലാത്ത പരിപാടിയാണെന്നും സാംസ്‌കാരിക പരിപാടി മാത്രമാണെന്നും സംഘാടകര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ അറിയിച്ചു. താന്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മറുപടി നല്‍കി. എന്നാല്‍ ഈക്കാര്യം മേയറേയോ, സെക്രട്ടറിയേയോ മറ്റ് മേലധികാരികളേയോ അറിയിച്ചില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തത്.

Tags:    

Similar News