മനുസ്മൃതിയില്‍ അധിഷ്ഠിതമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ഹിന്ദുത്വ പേരാണ് സനാതനധര്‍മമെന്ന് എം വി ഗോവിന്ദന്‍; പിണറായിയുടെ അതേ ലൈനില്‍ സിപിഎം സെക്രട്ടറിയും
മലപ്പുറം: മനുസ്മൃതിയില്‍ അധിഷ്ഠിതമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ഹിന്ദുത്വപേരാണ് സനാതനധര്‍മമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ശിവഗിരി പ്രസംഗം കേരളവും ഇന്ത്യയും അംഗീകരിക്കുന്നതാണ്. ഹിന്ദുത്വവല്‍ക്കരണത്തെ വെള്ളപൂശുകയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.
പ്രതിപക്ഷ നേതാവ് പറയുന്നതുപോലെ വേദവും ഉപനിഷത്തും തത്വമസിയും ചേര്‍ന്നുള്ളതല്ല സനാതനധര്‍മം. ഇതെല്ലാം മേല്‍പ്പൊടി മാത്രമാണ്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഭരണഘടന വേണമെന്നാണ് സംഘപരിവാര്‍ പറയുന്നത്. ഇതിന് ഭരണഘടന ഭേദഗതി ചെയ്യാനാണ് 430 സീറ്റിലെങ്കിലും ജയിക്കണമെന്ന് ബിജെപി ആഗ്രഹിച്ചത്. സനാതനധര്‍മത്തിന്റെ പേരില്‍ ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ശ്രമം. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതികരണമുയരണം. സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി താനൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൂരല്‍മല ദുരന്തം അതിതീവ്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വാക്കാല്‍ അംഗീകരിച്ചെങ്കിലും ആനുകൂല്യം ഇതുവരെ ലഭിച്ചിട്ടില്ല. ഒരു ജനതയുടെ പൂര്‍ണജീവിതം കരുപ്പിടിപ്പിക്കാന്‍ ആവശ്യമായ പുനരധിവാസത്തിനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി മന്ത്രിമാരും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള മോണിറ്ററിങ് കമ്മിറ്റിയും നിലവിലുണ്ട്. വര്‍ഗീയവാദികളുടെ പരസ്പര ഏറ്റുമുട്ടലില്‍ ആരും ജയിക്കുകയോ തോല്‍ക്കുകയോ ഇല്ല. ഇരുകൂട്ടരും ശക്തിപ്പെടുക മാത്രമാണ് ചെയ്യുക.
ഇരുവര്‍ഗീയതയും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും എതിര്‍ക്കാതെ സംഘപരിവാറിനെ നേരിടുന്നതും സംഘപരിവാറിനെ എതിര്‍ക്കാതെ ന്യൂനപക്ഷ വര്‍ഗീയതയെ എതിര്‍ക്കുന്നതും ഫലപ്രദമല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.