നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു; ബന്ധുവായ പ്രതി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി
നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു
തൃശ്ശൂര്‍; എടമുട്ടത്ത് യുവാവിന് കത്തിക്കുത്തേറ്റ് ഗുരുതര പരിക്കേറ്റു. തവളക്കുളം സ്വദേശി അഖിലിനാണ് പരിക്കേറ്റത്. നാട്ടുകാര്‍ നോക്കിനില്‍ക്കേ ബന്ധുവായ ആശാ നിധി എന്നയാളാണ് കുത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. സംഭവശേഷം പ്രതി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
കുടുംബവഴക്കിനെതുടര്‍ന്നാണ് ബന്ധുവായ യുവാവ് കത്തി ഉപയോഗിച്ച് കുത്തിയത്. നാട്ടുകാര്‍ നോക്കിനില്‍ക്കേയാണ് സംഭവം. എന്നാല്‍ ആയുധമായി നില്‍ക്കുന്ന പ്രതിക്കരികിലേക്ക് പോകാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. പ്രതി സ്ഥലത്തുനിന്ന് കുറച്ചുമാറിയ സമയത്താണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത്. നിലവില്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആശാനിധി നേരത്തേയും കത്തിക്കുത്ത് കേസുകളില്‍ പ്രതിയാണ്. കാസര്‍കോട് ജോലി ചെയ്തുവരുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ എടമുട്ടത്തേക്ക് എത്തിയത്. സംഭവശേഷം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതിന് പിന്നാലെ പ്രതിയുടെ അറസ്റ്റ് വലപ്പാട് പോലീസ് രേഖപ്പെടുത്തി.