രാഷ്ട്രീയ വേട്ടയാടല്‍ നേരിടുന്ന അന്‍വറിന് നിരുപാധിക പിന്തുണ; തന്‍പ്രമാണിത്തവും ധാര്‍ഷ്ഠ്യവും ഒരു പൊടിക്ക് കുറച്ചാല്‍ അന്‍വറിനോട് സഹകരിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും വി ടി ബല്‍റാം
രാഷ്ട്രീയ വേട്ടയാടല്‍ നേരിടുന്ന അന്‍വറിന് നിരുപാധിക പിന്തുണ
പാലക്കാട്: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിടി ബല്‍റാം അന്‍വറിന് പിന്തുണയുമായി എത്തിയത്. രാഷ്ട്രീയ വേട്ടയാടല്‍ നേരിടുന്ന അന്‍വറിന് നിരുപാധിക പിന്തുണയുണ്ടാകുമെന്നും തന്‍പ്രമാണിത്തവും ധാര്‍ഷ്ഠ്യവും ഒരു പൊടിക്ക് കുറച്ചാല്‍ അന്‍വറിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതില്‍ യുഡിഎഫിന് പ്രശ്‌നമുണ്ടാവേണ്ട കാര്യമില്ലെന്നും വി ടി ബല്‍റാം പറഞ്ഞു.
'രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശവും വി.ഡി. സതീശനെതിരായ 150 കോടിയുടെ വ്യാജ ആരോപണവും ചേലക്കര ഇലക്ഷന്‍ സമയത്ത് നടത്തിയ ജാതീയ പരാമര്‍ശങ്ങളും പിന്‍വലിച്ച് പി.വി. അന്‍വര്‍ സ്വയം തിരുത്തണം. തന്‍പ്രമാണിത്തവും ധാര്‍ഷ്ഠ്യവും ഒരു പൊടിക്ക് കുറക്കണം. അങ്ങനെയുള്ള ഒരു അന്‍വറിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതില്‍ യുഡിഎഫിന് പ്രശ്‌നമുണ്ടാവേണ്ട കാര്യമില്ല.
അതേസമയം വന്യമൃഗശല്യം പരിഹരിക്കാന്‍ ചെറുവിരലനക്കാത്ത വനം വകുപ്പിന്റെ വീഴ്ചയും പൊലീസിലെ സമ്പൂര്‍ണ്ണ സി.ജെ.പി.വല്‍ക്കരണവുമടക്കം അന്‍വര്‍ സമീപകാലത്ത് ഉന്നയിക്കുന്ന രാഷ്ട്രീയ വിഷയങ്ങള്‍ക്ക് നല്ല പ്രസക്തിയുണ്ട്. ഒരു ജനപ്രതിനിധി എന്ന നിലയില്‍ അത്തരം ജനകീയ കാര്യങ്ങള്‍ ഉന്നയിക്കാനുള്ള അന്‍വറിന്റെ അവകാശത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. അതിന്റെ പേരില്‍ രാഷ്ട്രീയ വേട്ടയാടല്‍ നേരിടുന്ന അന്‍വറിന് നിരുപാധിക പിന്തുണയുണ്ടായിരിക്കും'- വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
എല്‍ഡിഎഫ് പിന്തുണയില്‍ എംഎല്‍എ ആയ പിവി അന്‍വര്‍ ഇടഞ്ഞതിന് പിന്നാലെയുള്ള സര്‍ക്കാറിനെതിരായ പ്രതിഷേധവും അറസ്റ്റും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴി തുറക്കുന്നത്. കോണ്‍ഗ്രസും യുഡിഎഫുമായി പരസ്യ സഹകരണം ഇതുവരെ പ്രഖ്യാപിക്കാത്ത പിവി അന്‍വറിന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതോടെയാണ് സംഭവത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവന്നിരിക്കികയാണ്.
14 ദിവസത്തേക്കാണ് അന്‍വറിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കേസില്‍ അന്‍വര്‍ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയ കേസില്‍ അന്‍വര്‍ അടക്കം 11 പ്രതികളാണുളളത്. കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം വകുപ്പുകളാണ് ചുമത്തിയത്. ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിലേക്കെത്തിയത്.