പന്നിക്കെണിയില്‍ നിന്നും രക്ഷപ്പെടാനായി കുതറി മാറാന്‍ ശ്രമിക്കുവെങ്കിലും ഏറെ നേരത്തെ പ്രയത്‌നത്തിനു ശേഷം പുലി അവശനായി; ഇരിട്ടി കാക്കയങ്ങാട് പുലി പന്നിക്കെണിയില്‍ കുടുങ്ങി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടി കാക്കയങ്ങാട് ജനവാസ കേന്ദ്രത്തില്‍ പുലി പന്നി കെണിയില്‍ കയറില്‍ കുടുങ്ങി. കാക്കയങ്ങാട് ടൗണിന് സമീപം സ്വകാര്യ വ്യക്തികളുടെ പറമ്പിലാണ് പുലിയെ കയറില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്. പോലീസും വനം വകുപ്പും സ്ഥലത്തെത്തി. പുലിയെ കൂട്ടിലേക്ക് കയറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മയക്കുവെടി സംഘം സ്ഥലത്തെത്തിയതിന് ശേഷമാണ് പുലിയെ സ്ഥലത്ത് നിന്നും മാറ്റുക.
ഇവിടെക്ക് ജനക്കൂട്ടം വരുന്നത് കാക്കയങ്ങാട് പൊലിസ് നിയന്ത്രിച്ചിട്ടുണ്ട്. നേരത്തെ ഈ മേഖലയില്‍ പുലിയുടെതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളും കൊല്ലപ്പെട്ടിരുന്നു. വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പുലിയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞിരുന്നു. എന്നാല്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നില്ല. കഴിഞ്ഞ കുറെക്കാലമായി ഇരിട്ടി മേഖലയില്‍ ഭീതി പരത്തിയ പുലിയാണ് പന്നിക്കെണിയില്‍ അബദ്ധവശാല്‍ കുടുങ്ങിയത്.
പന്നിക്കെണിയില്‍ നിന്നും രക്ഷപ്പെടാനായി കുതറി മാറാന്‍ ശ്രമിക്കുവെങ്കിലും ഏറെ നേരത്തെ പ്രയത്‌നത്തിനു ശേഷം പുലി അവശനാവുകയായിരുന്നു.