ഇന്ന് തീരേണ്ട ഫ്‌ളവര്‍ ഷോ തിരിക്കിട്ട് നോട്ടീസ് നല്‍കി പൂട്ടിച്ച് കൊച്ചി കോര്‍പ്പറേഷന്‍; സുരക്ഷാ വീഴ്ചാ വിവാദത്തിനിടെ ഒരു വിചിത്ര നടപടിയും
കൊച്ചി: മറൈന്‍ ഡ്രൈവിലെ ഫ്ളവര്‍ ഷോ നിര്‍ത്തിവെക്കാന്‍ നോട്ടീസ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ചാണ് കൊച്ചി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയത്. ഇന്ന് പരിപാടി അവസാനിക്കാനിരിക്കെയാണ് തിരക്കിട്ട് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ദിവസം പരിപാടി കാണാനെത്തിയ കടവന്ത്ര സ്വദേശിയായ സ്ത്രീ പ്ലാറ്റ്ഫോമില്‍ വീണ് പരിക്കേറ്റിരുന്നു. രണ്ട് കൈക്കും പരിക്കേറ്റ സ്ത്രീക്ക് ശസ്ത്രക്രിയ ആവശ്യമാണ്. ഇന്നലെ രാത്രി 7 മണിക്കാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ ജിസിഡിഎയ്ക്കും കോര്‍പ്പറേഷനും പരാതി നല്‍കിയിട്ടുണ്ട്.
ജിസിഡിഎ (ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് അതോറിറ്റി)യും ഹോര്‍ട്ടി കോര്‍പ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഡിസംബര്‍ 22-ാം തീയതി ആരംഭിച്ച ഫ്ളവര്‍ഷോയ്ക്ക് അവസാന ദിനം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന പേരില്‍ നോട്ടീസ് നല്‍കിയതിലൂടെ അധികൃതരുടെ അലംഭാവം തുറന്നുകാട്ടപ്പെടുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു. കൊച്ചിയില്‍ നടക്കുന്ന പൊതുപരിപാടികളില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് സുരക്ഷാവീഴ്ച്ച കണ്ടെത്തുന്നത്.