ഉത്പാദനം കുറഞ്ഞു; കിലോയ്ക്ക് 230 കടന്ന് മഞ്ഞള്‍ വില
ഉത്പാദനം കുറഞ്ഞു; കിലോയ്ക്ക് 230 കടന്ന് മഞ്ഞള്‍ വില
കറുകച്ചാല്‍: ഉണങ്ങിയ മഞ്ഞളിന് വില 230 കടന്നു. ഉത്പാദനം കുറഞ്ഞതാണ് മഞ്ഞള്‍ വില കൂടാന്‍ കാരണം. വിപണിയില്‍ മഞ്ഞള്‍വരവ് കുറഞ്ഞതും ഉണങ്ങിയ നാടന്‍ മഞ്ഞള്‍ കിട്ടാനില്ലാത്തതുമാണ് വിലക്കയറ്റത്തിന് കാരണമായത്. കഴിഞ്ഞവര്‍ഷം 110 മുതല്‍ 120 രൂപ വരെയായിരുന്നു വില. ആറുമാസം മുന്‍പാണ് വില 200 കടന്നത്.
വിപണിവില 230 ആണെങ്കിലും 240 മുതല്‍ 250 രൂപ കൊടുത്താലേ നാടന്‍ മഞ്ഞള്‍ കിട്ടൂ. മില്ലുകളില്‍ പൊടിച്ചുനല്‍കുന്ന മഞ്ഞള്‍പ്പൊടിക്ക് ഇപ്പോള്‍ 380 മുതല്‍ 400 രൂപ വരെ നല്‍കണം. സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 40 ശതമാനത്തിലേറെ കുറവുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.
തുടര്‍ച്ചയായ വിലയിടിവുമൂലം ആദായകരമല്ലാത്തതിനാല്‍ പലരും മുന്‍വര്‍ഷങ്ങളില്‍ കൃഷി ഉപേക്ഷിച്ചിരുന്നു.
ശരാശരി ഏഴ് കിലോയോളം പച്ചമഞ്ഞള്‍ ഉണക്കിയാലേ ഒരുകിലോ ലഭിക്കൂ. മറ്റ് വിളകളെ അപേക്ഷിച്ച് ലാഭകരമല്ലാത്തതിനാലാണ് മഞ്ഞള്‍കൃഷി പലരും ഉപേക്ഷിക്കുന്നത്. കിട്ടാനില്ലാത്തതിനാല്‍ ഇപ്പോള്‍ മഞ്ഞള്‍വിത്തിനും വില കൂടി. ഒരു കിലോ മഞ്ഞള്‍വിത്തിന് 100 രൂപ നല്‍കണം. 35 മുതല്‍ 40 രൂപയുണ്ടായിരുന്ന പച്ചമഞ്ഞളിന് 75 രൂപയായി.
വ്യാവസായികാവശ്യങ്ങള്‍ക്കുള്ള മഞ്ഞള്‍ തമിഴ്‌നാട്ടില്‍നിന്നാണ് കൂടുതലായും കൊണ്ടുവരുന്നത്. 160 മുതല്‍ 180 രൂപയാണ് തമിഴ്‌നാട്ടിലെ വില. പാചകത്തിന് പുറമെ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളിലും മരുന്നിനുമാണ് മഞ്ഞള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.