മൂന്നാം തവണയും നല്‍കിയത് തെറ്റായ ഉത്പന്നം; ഫ്‌ലിപ്കാര്‍ട്ടിന് 25,000 രൂപ പിഴ

മൂന്നാം തവണയും നല്‍കിയത് തെറ്റായ ഉത്പന്നം; ഫ്‌ലിപ്കാര്‍ട്ടിന് 25,000 രൂപ പിഴ

Update: 2025-01-03 04:15 GMT

മൂന്നാം തവണയും തെറ്റായ ഉത്പന്നം നല്‍കിയ ഫ്‌ലിപ്കാര്‍ട്ടിന് 25,000 രൂപ പിഴയിട്ട് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍. ഓണ്‍ലൈനില്‍ ട്രിമ്മര്‍ വാങ്ങാന്‍ ഓര്‍ഡര്‍ കൊടുത്ത യുവാവിന്റെ പരാതിയില്‍ കേസ് എടുത്ത കമ്മീഷന്‍ ഫ്‌ലിപ്കാര്‍ട്ടിന് പിഴ ഇടുക ആയിരുന്നു. പുതുപ്പള്ളി സ്വദേശി സി.ജി. സന്ദീപിന്റെ പരാതിയിലാണ് നടപടി.

ട്രിമ്മര്‍ ഓര്‍ഡര്‍ചെയ്ത സന്ദീപിന് വ്യത്യസ്തമായ ഉത്പന്നമാണ് ലഭിച്ചത്. ഇക്കാര്യം സൂചിപ്പിച്ച് തുക റീഫണ്ട് ചെയ്യുന്നതിന് അപേക്ഷിച്ചു. പിന്നീട് അതേ ട്രിമ്മര്‍ വീണ്ടും ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ വീണ്ടും തെറ്റായ ഉത്പന്നമാണ് കിട്ടിയത്. ഇത് സ്വീകരിക്കാതെ തിരിച്ചയച്ചു. ഫ്‌ളിപ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയറില്‍ പുതിയ പരാതിയും നല്‍കി. മൂന്നാംതവണയും ഇത് ആവര്‍ത്തിച്ചപ്പോഴാണ് ഇദ്ദേഹം പരാതി നല്‍കിയത്.

ആദ്യം ഫ്‌ളിപ്കാര്‍ട്ടിനാണ് പരാതി നല്‍കിയത്. എന്നാല്‍ കമ്പനിയില്‍ നിന്നും മറുപടി ലഭിച്ചില്ല. തുടര്‍ന്നാണ് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനില്‍ പരാതി നല്‍കിയത്. കൃത്യത ഉറപ്പാക്കാന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സ്ഥാപനങ്ങള്‍ കര്‍ശനനടപടി സ്വീകരിക്കണമെന്ന് അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റും ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ഉത്തരവില്‍ നിര്‍ദേശിച്ചു. പിഴയായി അടയ്ക്കാന്‍ നിര്‍ദേശിച്ച 25,000 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായി നല്‍കും.

Tags:    

Similar News