വീട്ടിലേക്ക് പോകാനായി ബസ് കാത്തുനിന്ന യാത്രക്കാരൻ; പെട്ടെന്ന് പാഞ്ഞെത്തിയ തെരുവുനായ കാലിൽ കടിച്ചു; സംഭവം എടത്വ ഡിപ്പോയിൽ
കുട്ടനാട്: എടത്വ കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തുനിന്ന യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. എടത്വ തോട്ടുമാലിച്ചിറ വീട്ടിൽ ടി കെ നടരാജനാണ് കടിയേറ്റത്. കാലിൽ പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടിലേക്ക് പോകാനായി ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ നായ ഓടിയെത്തി നടരാജന്റെ കാലിൽ കടിക്കുകയായിരുന്നു. ഡിപ്പോ പരിസരത്തെ രൂക്ഷമായ തെരുവുനായ ശല്യത്തിനെതിരെ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കെഎസ്ആർടിസി ഡിപ്പോയ്ക്കുള്ളിലും ബസുകൾക്കിടയിലും നായകൾ തമ്പടിക്കുന്നത് യാത്രക്കാർക്കും ജീവനക്കാർക്കും ഒരുപോലെ ഭീഷണിയാണ്. രാത്രിയിൽ വെളിച്ചക്കുറവുള്ള ഭാഗങ്ങളിൽ നായക്കൂട്ടം യാത്രക്കാരെ ആക്രമിക്കാൻ വരുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.
തെരുവുനായ ശല്യം നിയന്ത്രിക്കാൻ പഞ്ചായത്തും കെഎസ്ആർടിസി അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഡിപ്പോ പരിസരത്തെ മാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരം കാണാത്തതാണ് നായകൾ പെരുകാൻ കാരണമെന്നും ആക്ഷേപമുണ്ട്. ഈ സംഭവം മേഖലയിലെ തെരുവുനായ പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.