നിയന്ത്രണം വിട്ട സ്കൂട്ടർ സംരക്ഷണ ഭിത്തി തകർത്ത് താഴ്ചയിലേക്ക് പതിച്ചു; അച്ഛനും മകൾക്കും ദാരുണാന്ത്യം; സംഭവം കോഴിക്കോട്

Update: 2026-02-06 17:12 GMT

കോഴിക്കോട്: കോഴിക്കോട്ട് ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ പാതയോരത്തെ സംരക്ഷണ ഭിത്തി തകർത്ത് താഴ്ചയിലേക്ക് പതിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. പുറക്കാട്ടിരി സ്വദേശി റാഫി (60), മകൾ ഫാത്തിമ നേഹ (19) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ചേവായൂർ മാലൂർകുന്ന് എൻജിഒ ക്വാർട്ടേഴ്സ് – എആർ ക്യാംപ് റോഡിനു സമീപമാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ പാതയോരത്തെ ഭിത്തി തകർത്ത് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു.

വെള്ളിമാടുകുന്ന് ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർഥിനിയാണ് ഫാത്തിമ നേഹ. അപകടത്തെ തുടർന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഈ പ്രദേശത്ത് തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ ആശങ്ക വർധിപ്പിക്കുന്നുണ്ട്. 2024-ൽ ഇതേ സ്ഥലത്ത് വാഹനം സമീപത്തെ വീടിന്റെ ടെറസിലേക്ക് പതിച്ച് ഒരു സ്ത്രീ മരിച്ചിരുന്നു.

കഴിഞ്ഞ വർഷം (2025) മൂന്ന് വിദ്യാർഥികൾക്കും ഇവിടെ താഴേക്ക് വീണ് പരുക്കേറ്റിരുന്നു. വെള്ളിയാഴ്ചത്തെ അപകടത്തോടെ ഈ പ്രദേശത്ത് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം മൂന്നായി. പറമ്പിൽ ബസാർ, കണ്ണാടിക്കൽ ഭാഗങ്ങളിലേക്കു പോകാൻ എളുപ്പവഴിയായതിനാൽ ദിവസവും നിരവധിപേർ സഞ്ചരിക്കുന്ന പാതയാണിത്. അപകട സാധ്യത പരിഗണിച്ച് മുമ്പ് ഇവിടെ ബാരിക്കേഡുകളും മറ്റും സ്ഥാപിച്ചിരുന്നു. അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത് കഴിഞ്ഞ ദിവസമാണെന്ന് നാട്ടുകാർ പറയുന്നു.

Tags:    

Similar News