രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി: 'കുടുംബജീവിതം തകര്‍ത്തുവെന്ന്' ആദ്യ പരാതിക്കാരിയുടെ ഭര്‍ത്താവ്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി:
തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യ പരാതിക്കാരിയുടെ ഭര്‍ത്താവ് വീണ്ടും രംഗത്തെത്തി. രാഹുല്‍ തന്റെ കുടുംബജീവിതം തകര്‍ത്തു എന്ന് ചൂണ്ടിക്കാട്ടി യുവാവ് നാട്ടുകല്‍ പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രി മുന്‍പും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടും ഒരു മാസമായിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് യുവാവ് പോലീസിനെ സമീപിച്ചത്. ഭാരതീയ ന്യായ സംഹിത (BNS 84) പ്രകാരം രാഹുലിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
മൂന്നാം ബലാത്സംഗക്കേസില്‍ പത്തനംതിട്ട സെഷന്‍സ് കോടതിയില്‍ നിന്ന് ഒരാഴ്ച മുമ്പാണ് രാഹുലിന് ജാമ്യം ലഭിച്ചത്. ബലാത്സംഗക്കുറ്റം നിലനില്‍ക്കുമോ എന്നതില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍, നിലവിലെ വിവാഹബന്ധം വേര്‍പെടുത്താതെ എങ്ങനെ മറ്റൊരു ബന്ധത്തിലേക്ക് പോകാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു.
പീഡനം നടന്നുവെന്ന് പറയുന്ന കാലയളവിന് ശേഷവും രാഹുലുമായി പരാതിക്കാരി സൗഹൃദ സംഭാഷണങ്ങള്‍ നടത്തിയതിന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു.