സംസ്ഥാന ലോട്ടറിയുടെ മറവില്‍ അനധികൃത ഇടപാടും ഫലനിര്‍ണയവും; ഏജന്‍സി ഉടമയുടെ ഭാര്യയും അറസ്റ്റില്‍
സംസ്ഥാന ലോട്ടറിയുടെ മറവില്‍ അനധികൃത ഇടപാടും ഫലനിര്‍ണയവും; ഏജന്‍സി ഉടമയുടെ ഭാര്യയും അറസ്റ്റില്‍
പുല്ലാട്: സംസ്ഥാന ലോട്ടറി ഉപയോഗിച്ച് അനധികൃത ഇടപാടും ഫലനിര്‍ണയവും നടത്തിയതിന് കഴിഞ്ഞ ദിവസം പിടിയിലായ ഏജന്‍സി ഉടമയുടെ ഭാര്യയെയും പോലിസ് അറസ്റ്റ് ചെയ്തു. പുറമറ്റം പടുതോട് തുരുത്തിക്കാട് ഇലവുങ്കല്‍ പാഴൂര്‍ വീട്ടില്‍ സ്മിതാ ബിനുവിനെ (40) ആണ് കോയിപ്രം പോലീസ് അറസ്റ്റ്‌ചെയ്തത്.
ഇടപാടുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവും ബി.എസ്.എ. എന്ന ലോട്ടറി ഏജന്‍സിയുടെ ഉടമയുമായ ബിനു ചെറിയാനെയും (47) കടയിലെ സഹായി കോട്ടയം കുഴിമറ്റം പുതുപ്പറമ്പില്‍ വീട്ടില്‍ അഭിഷേകിനെയും (24) കഴിഞ്ഞദിവസം തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തോട്ടഭാഗത്തെ ഏജന്‍സി കേന്ദ്രീകരിച്ച് നടന്ന ഇടപാടിലായിരുന്നു അറസ്റ്റ്. ബിനുവിന്റെ ഉടമസ്ഥതയില്‍ കോഴഞ്ചേരി, ഇരവിപേരൂര്‍, വെണ്ണിക്കുളം, ഓമല്ലൂര്‍, ഇലന്തൂര്‍ എന്നിവിടങ്ങളിലും ലോട്ടറിക്കടകളുണ്ട്. ഇവിടങ്ങളിലും പോലീസ് പരിശോധന നടത്തിയിരുന്നു. വെണ്ണിക്കുളത്തെ കടയില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് കോയിപ്രം പോലീസ് സ്മിതയെ അറസ്റ്റുചെയ്തത്. ലോട്ടറി ടിക്കറ്റുകളും കടയുടെ തട്ടിനടിയില്‍ മൂന്നക്ക നമ്പരുകളും എണ്ണവും രേഖപ്പെടുത്തിയ ഡയറിയും കടലാസുകളും മേശയ്ക്കുള്ളിലും ബാഗിലുമായി സൂക്ഷിച്ച 16,457 രൂപയും, രണ്ട് മൊബൈല്‍ ഫോണുകളും പരിശോധനയില്‍ പിടിച്ചെടുത്തു.
തിരുവല്ല ഡിവൈ.എസ്.പി. എസ്.അഷാദ്, പോലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍, എസ്.ഐ. എസ്.ഷൈജു, എസ്.സി.പി.ഒ.മാരായ ശബാന അഹമ്മദ്, വിപിന്‍, സി.പി.ഒ.മാരായ ജയേഷ്, ഷെറിന്‍ പീറ്റര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.