അച്ഛന്റെ ചിതയാറും മുമ്പ് കലോത്സവ വേദിയിലെത്തി; എ ഗ്രേഡുമായി മടങ്ങി ഹരിഹര്‍ദാസ്: അച്ഛനു വേണ്ടി അവസാന വിജയം നല്‍കാന്‍ ഹരിഹര്‍ വേദിയിലെത്തിയത് അച്ഛന്റെ ഷര്‍ട്ടും വാച്ചും ചെരുപ്പും ധരിച്ച്

അച്ഛന്റെ ചിതയാറും മുമ്പ് കലോത്സവ വേദിയിലെത്തി; എ ഗ്രേഡുമായി മടങ്ങി ഹരിഹര്‍ദാസ്: അച്ഛനു വേണ്ടി അവസാന വിജയം നല്‍കാന്‍ ഹരിഹര്‍ വേദിയിലെത്തിയത് അച്ഛന്റെ ഷര്‍ട്ടും വാച്ചും ചെരുപ്പും ധരിച്ച്

Update: 2025-01-07 00:09 GMT

തിരുവനന്തപുരം: അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും ഒപ്പം തലസ്ഥാനത്തെ കലോത്സവ വേദിയില്‍ എത്തിയ ശേഷമാണ് ഹരിഹര്‍ ദാസ് തന്റെ അച്ഛന്റെ മരണ വാര്‍ത്ത അറിയുന്നത്. ഹൃദയം തകര്‍ന്ന വേദനയോടെ അധ്യാപികയ്‌ക്കൊപ്പം വീട്ടില്‍ തിരികെയെത്തിയ ഹരിഹര്‍ ദാസ് വൈകുന്നേരം അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തിയ ശേഷം കലോത്സവ വേദിയിലേക്ക് തിരികെ പോയി. മകന്‍ കലാകാരനാകണമെന്ന് സ്വപ്നം കണ്ട അച്ഛന് വേണ്ടി ആയിരുന്നു ഹരിഹറിന്റെ ആ യാത്ര.

കോട്ടയം ളാക്കാട്ടൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഹരിഹര്‍ തന്റെ അച്ഛന് അവസാന സമ്മാനമായി എ ഗ്രേഡ് സ്വന്തമാക്കിയാണ് മടങ്ങി എത്തിയത്. വാഹനാപകടത്തില്‍ മരിച്ച അച്ഛന്റെ ചിതയ്ക്കു തീകൊളുത്തിയ ശേഷം ഉറക്കമില്ലാത്ത ഒരു രാത്രി കഴിച്ചുകൂട്ടിയാണ് ഹരിഹര്‍ കലോത്സവ വേദിയിലേക്ക് തിരികെ എത്തിയത്. നീരുണങ്ങാത്ത കണ്ണോടെ വേദിയില്‍ കയറി. കൂട്ടുകാര്‍ക്കൊപ്പം വൃന്ദവാദ്യ മത്സരത്തില്‍ പങ്കെടുത്ത് എ ഗ്രേഡ് നേടി. ഹരിഹര്‍ വായിച്ച ഓടക്കുഴലിലൂടെ പ്രവഹിച്ച തീരാവേദന എരിയുന്ന സംഗീതമായി. അച്ഛന്റെ ഷര്‍ട്ടും വാച്ചും ചെരുപ്പും ധരിച്ചാണ് ഹരിഹര്‍ വേദിയിലെത്തിയത്.

കോട്ടയം-എറണാകുളം റോഡില്‍ കാണക്കാരി ജംഗ്ഷന് സമീപം ശനിയാഴ്ച രാത്രിയുണ്ടായ ബൈക്ക് അപകടത്തിലാണ് ഹരിഹറിന്റെ പിതാവ് എ.കെ അയ്യപ്പദാസ് മരിച്ചത്. കോട്ടയം സ്റ്റാര്‍ വോയ്‌സ് ട്രൂപ്പിലെ ഗായകനായ അയ്യപ്പദാസ് രാത്രി പ്രോഗ്രാം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അച്ഛന്റെ അപകട വാര്‍ത്ത അറിയുമ്പോള്‍ ഹരിഹര്‍ദാസ് തലസ്ഥാനത്ത് കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ഒരു അധ്യാപികയ്‌ക്കൊപ്പം ഹരിഹര്‍ദാസിനെ സ്‌കൂള്‍ അധികൃതര്‍ വീട്ടിലെത്തിച്ചു. ബാക്കി ആറു പേരുമായി പ്രതീകാത്മകമായി മത്സരിച്ചു മടങ്ങാനായിരുന്നു കൂട്ടുകാരുടെ തീരുമാനം.

വൈകുന്നേരമാണ് നടപടികള്‍ പൂര്‍ത്തിയാക്കി അയ്യപ്പദാസിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. രാത്രി എട്ട് മണിയോടെ സഹോദരി ഉഷയുടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. ഞായറാഴ്ച രാത്രി 10 മണിയോടെ അച്ഛന്റെ ചിതയ്ക്കു ഹരിഹര്‍ തീകൊളുത്തിയതിനു പിന്നാലെ കൂട്ടുകാര്‍ക്കുവേണ്ടി അവന്‍ കലോത്സവവേദിയിലേക്കെത്തുകയായിരുന്നു. രാത്രിതന്നെ തിരുവനന്തപുരത്തേക്ക് വണ്ടി കയറി.

മത്സര വേദിയില്‍ കൂട്ടുകാര്‍ വെള്ളയും കറുപ്പും യൂണിഫോമില്‍ സ്റ്റേജില്‍ കയറിയപ്പോള്‍, ഹരിഹര്‍ദാസ്, തന്നെ കലാകാരനാക്കാന്‍ സ്വപ്നം കണ്ട അച്ഛന്റെ ഷര്‍ട്ടും ചെരുപ്പും വാച്ചും ധരിച്ചെത്തി. മത്സരത്തില്‍ എ ഗ്രേഡ് ലഭിച്ച ഹരിയെയും ടീമിനെയും അഭിനന്ദിക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് എത്തിയിരുന്നു. മന്ത്രി തന്നെയാണ് ഹരിയുടെ ഈ വേദന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതും. വേദിയില്‍ നിന്നിറങ്ങിയ ഉടന്‍ തിരികെ വീട്ടിലേക്കു പുറപ്പെട്ടു. 'അമ്മയും സഹോദരങ്ങളും വീട്ടില്‍ ഒറ്റയ്ക്കാണ്..' എന്ന വാക്കോടെ.

Tags:    

Similar News