സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊന്ന കേസ്; ഒന്‍പത് എന്‍ ഡി എഫ് പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെ വിട്ടു

ഒന്‍പത് എന്‍ ഡി എഫ് പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെ വിട്ടു

Update: 2026-02-09 18:09 GMT

ഇരിട്ടി: സി.പി.എം വിളക്കോട് ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ അതിക്രൂരമായി വീട്ടിലേക്ക് മടങ്ങവെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ കീഴ്ക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ ഒന്‍പത് എന്‍ ഡി എഫ് പ്രവര്‍ത്തകരായ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. പോപുലര്‍ ഫ്രണ്ട്- എസ്. ഡി. പി. ഐ യുടെ ആദ്യ രൂപമായ എന്‍. ഡി. എഫ് പ്രവര്‍ത്തകരാണ് പ്രതികള്‍.

ഒന്നുമുതല്‍ ഒമ്പത് വരെ പ്രതികളായ എന്‍. ഡി. എഫ് പ്രവര്‍ത്തകരായ പി കെ ലത്തീഫ്, യു കെ സിദ്ധിക്ക്, യു കെ ഫൈസല്‍, യു കെ ഉനൈസ്, പുളിയിന്റകീഴില്‍ ഫൈസല്‍, വി മുഹമ്മദ് ബഷീര്‍, തണലോട്ട് യാക്കൂബ്, മുഹമ്മദ് ഫാറൂഖ്, പാനേരി ഗഫൂര്‍ എന്നിവരെയാണു വെറുതെ വിട്ടത്. ഏഴ് വര്‍ഷമായി പ്രതികള്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഈ കേസില്‍ പയ്യമ്പള്ളി ഹാരിസ്, അരയാക്കല്‍ അന്ത്‌ലു എന്ന അബ്ദുള്‍ ഖാദര്‍, പി വി മുഹമ്മദ്, പി കെ അബൂബക്കര്‍, എ കെ സാജിദ്, തിട്ടയില്‍ മുഹമ്മദ് മന്‍സീര്‍, എ പി മുഹമ്മദ് എന്നിവരെ തെളിവില്ലാത്തതിനാല്‍ കോടതി വെറുതെ വിട്ടിരുന്നു.

2008 ആഗസ്ത് 24നാണു കേസിനാസ്പദമായ സംഭവം. രാത്രി എട്ടരയോടെ സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദിലീപന്‍ ആക്രമിക്കപ്പെട്ടത്. വെട്ടേറ്റ ദിലീപനെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇരിട്ടി അമല ആശുപത്രിയിലും അവിടെ നിന്ന് തലശ്ശേരി സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് രണ്ടു മാസം മുമ്പ് എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ കുനിയില്‍ സൈനുദ്ദീന്‍ വെട്ടേറ്റു മരിച്ചിരുന്നു. ഇതിന് ശേഷം കണ്ണവത്തെ ശ്യാമപ്രസാദിനെയും നിരോധിത മത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കോളേജില്‍ നിന്നും മടങ്ങിവരു വഴി വെട്ടിക്കൊന്നു. ഈ കേസിലെ പ്രതി പോപ്പുലര്‍ ഫ്രണ്ട് നേതാവ് സലാഹുദ്ദീനും കണ്ണവത്ത് നിന്നും കൊല്ലപ്പെട്ടിരുന്നു.

തലശ്ശേരി അഡീഷനല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് കോടതി നേരത്തേ ഒന്‍പതു പ്രതികള്‍ക്കും ജീവപര്യന്തം വിധിച്ചിരുന്നു. ഇതിനെതിരേ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധിയുണ്ടായിരിക്കുന്നത്. ഇതിനെതിരെ സര്‍ക്കാരും സി.പി. എമ്മും അപ്പീല്‍ പോകുമെന്നാണ് സൂചന.

Tags:    

Similar News