സൈക്കിളില്‍ പോയ വിദ്യാര്‍ഥിക്ക് പിന്നാലെ ശരവേഗത്തില്‍ പാഞ്ഞ കാട്ടുപന്നി കുത്തി വീഴ്ത്തി; തലയിടിച്ച് വീണ കുട്ടി രക്ഷപ്പെട്ടത് ഭാഗ്യത്തിന്; വഴിയേ പോയ വയോധികനെയും ഇടിച്ചു വീഴ്ത്തി
അടൂര്‍:കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയും വയോധികനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥി പന്നിവിഴ തെങ്ങുംവിളയില്‍ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന സി.എല്‍.ലിന്‍സ്, കാല്‍നട യാത്രക്കാരനായ തുണ്ടില്‍ വീട്ടില്‍ വൈ.എബ്രഹാം എന്നിവെരയാണ് പന്നി ആക്രമിച്ചത്. ലിന്‍സിന് തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ഇരുവരും അടൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
ഞായറാഴ്ച വൈകീട്ട് 4.30ന് പന്നിവിഴയില്‍ വച്ചാണ് സംഭവം. സൈക്കിളില്‍ കടയിലേക്ക് സാധനം വാങ്ങാന്‍ പോയ ലിന്‍സിന് നേരെ പന്നി ആദ്യം പാഞ്ഞുവരുകയായിരുന്നു. വിദ്യാര്‍ഥി വേഗത്തില്‍ സൈക്കില്‍ ചവുട്ടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പന്നി സൈക്കിളില്‍ ഇടിച്ചു. ഇതേ സമയം തന്നെ സമീപത്തുകൂടി പോയ എബ്രഹാമിനെയും പന്നി ആക്രമിച്ചു. താഴെ വീണ എബ്രഹാമിനു മുകളിലേക്ക് ലിന്‍സ് സൈക്കിളുമായി വീണു. തുടര്‍ന്ന് പന്നി ഓടിപ്പോകുകയുമായിരുന്നു. പന്നിവിഴയില്‍ വ്യാപകമായ പന്നി ശല്യമാണുള്ളത്. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് കൂടാതെ പകല്‍ സമയങ്ങളില്‍ മനുഷ്യര്‍ക്കെതിരെ വ്യാപകമായ പന്നി ആക്രമണം നടക്കുന്നത്.