'അവളുടെ അച്ഛന് ആത്മഹത്യ ചെയ്യില്ല, കൊന്നതാ'; നവീന്‍ ബാബുവിന്റെ മരണം പ്രമേയമാക്കി മോണോആക്ട്; നിവേദ്യക്ക് എ ഗ്രേഡ്

നവീന്‍ ബാബുവിന്റെ മരണം പ്രമേയമാക്കി മോണോആക്ട്; നിവേദ്യക്ക് എ ഗ്രേഡ്

Update: 2025-01-07 15:05 GMT

കണ്ണൂര്‍ എഡിഎംഎ നവീന്‍ ബാബുവിന്റെ മരണം പ്രമേയമാക്കി മോണോആക്ട് അവതരിപ്പിച്ച നിവേദ്യ എന്ന കോഴിക്കോട്ടുകാരിക്ക് എ ഗ്രേഡ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്ററി വിഭാഗം മോണോആക്ടിലാണ് നിവേദ്യ മത്സരിച്ചിരുന്നത്. എല്‍.കെ.ജി മുതല്‍ മോണോആക്ട് ചെയ്യുന്ന ഈ മിടുക്കി ആദ്യ സംസ്ഥാന കലോത്സവത്തില്‍ തന്നെ എ ഗ്രേഡും സ്വന്തമാക്കി.

പരിശീലകന്‍ കലാഭവന്‍ നൗഷാദാണ് ഈ വിഷയത്തെ കുറിച്ച് പറഞ്ഞത്. നവീന്‍ ബാബുവിന് നീതി ലഭിക്കാത്ത സാഹചര്യത്തില്‍ അത് തന്നെ മതിയെന്നായി നിവേദ്യ. ജില്ലാ കലോത്സവത്തില്‍ ഷിരൂരിലെ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടമായ അര്‍ജുന്റെ കഥയായിരുന്നു നിവേദ്യ അവതരിപ്പിച്ചിരുന്നത്.

പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ അദ്ദേഹത്തെ അഴിമതിക്കാരനായി ചിത്രീകരിച്ച് ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.പി. ദിവ്യ പ്രസംഗിച്ചിരുന്നു. പിറ്റേന്ന്, ഒക്ടോബര്‍ 15-ന് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സിലാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവ്യയാണ് ആത്മഹത്യാപ്രേരണക്കേസിലെ പ്രതി.

മരണത്തില്‍ തുടക്കം മുതലേ ദുരൂഹത ആരോപിച്ചിരുന്ന നവീന്‍ ബാബുവിന്റെ കുടുംബം, മരണം കൊലപാതകമാണെന്ന സംശയമാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്. ദിവ്യയുടെ രാഷ്ട്രീയസ്വാധീനം കാരണം പോലീസ് ശരിയായ അന്വേഷണം നടത്തില്ലെന്നാണ് ആരോപണം. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തക്കറ പോലീസ് അവഗണിച്ചതും ഇന്‍ക്വസ്റ്റ് തിടുക്കത്തില്‍ നടത്തിയതും സംശയകരമാണെന്ന വാദവും ഹര്‍ജിയിലുണ്ട്. കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് സി.ബി.ഐ. വ്യക്തമാക്കിയിരുന്നു. ആരോപണത്തിനപ്പുറം തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നാണ് ഹര്‍ജിയെ എതിര്‍ത്തുള്ള സര്‍ക്കാര്‍വാദം.

നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാര്‍ട്ടിയെങ്കിലും സി.ബി.ഐ. അന്വേഷണത്തെ പിന്തുണയ്ക്കില്ലെന്ന് നേതൃത്വം നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. സി.ബി.ഐ. ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെക്കുറിച്ചുള്ള പൊതുനിലപാടിന്റെ ഭാഗമാണിതെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ വിശദീകരിച്ചത്.

Tags:    

Similar News