ഡ്രൈ ഡേകളിൽ വരെ ആശാൻ ഓൺ ആണ്; നാലും അഞ്ചും ട്രിപ്പ് അടിച്ചാൽ പണം വരാം; ഓട്ടോയുടെ സീറ്റിനടിയിൽ ഒളിപ്പിച്ച് വിറ്റത് ഒന്നാന്തരം മുന്തിയ ഐറ്റം; കൈയ്യോടെ പൊക്കി എക്സൈസ്

Update: 2026-02-03 15:45 GMT

തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലിൽ ഓട്ടോറിക്ഷയിൽ ചാരായം കടത്തി വിൽപ്പന നടത്തിയ കേസിൽ ഡ്രൈവർ അറസ്റ്റിൽ. പ്രേം നവാസ് എന്നറിയപ്പെടുന്ന പൊടിയൻ പ്രദീപിനെയാണ് 11 ലിറ്റർ ചാരായവുമായി എക്സൈസ് സംഘം പിടികൂടിയത്. ഇതിനിടെ, കോഴിക്കോട് അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്ന് കാറിൽ കടത്തിയ 54.5 ലിറ്റർ മാഹി മദ്യവും പിടിച്ചെടുത്തു. സംഭവത്തിൽ കർണാടക സ്വദേശി ബാബു എച്ച്.എൻ. അറസ്റ്റിലായി.

ആവശ്യക്കാർ ഫോണിൽ ബന്ധപ്പെടുന്നതനുസരിച്ച് ഓട്ടോറിക്ഷയിൽ ചാരായം എത്തിച്ചു നൽകുന്നതായിരുന്നു പ്രദീപിന്റെ രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡ്രൈ ഡേകളിലും മറ്റ് വിശേഷദിവസങ്ങളിലുമായിരുന്നു ഇയാൾ രഹസ്യമായി ചാരായം വിൽപ്പന നടത്തിയിരുന്നത്. ഓട്ടോറിക്ഷയുടെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു 11 ലിറ്റർ ചാരായം കണ്ടെത്തിയത്. ഇരു കാലുകൾക്കും ഇടത് കൈക്കും പോളിയോ ബാധിച്ച് ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചതിനാൽ പ്രദീപിന്റെ അറസ്റ്റ് തൽസമയം രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഇയാൾക്കെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ നാസറുദീൻ, പ്രിവന്റീവ് ഓഫീസർമാരായ ശ്രീകുമാർ, ശ്രീകാന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത്, അഖിൽ എന്നിവരടങ്ങിയ സംഘമാണ് ചാരായവേട്ട നടത്തിയത്.

കോഴിക്കോട് അഴിയൂർ എക്സൈസ് ചെക് പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്പെക്ടർ അജു പി. ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തിയ മാഹി മദ്യം പിടിച്ചെടുത്തത്. കർണ്ണാടക സ്വദേശിയായ ബാബു എച്ച്.എൻ. ആണ് മദ്യശേഖരവുമായി പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സുനിൽ കെ., പ്രകാശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപുലാൽ, അശ്വിൻ ആനന്ദ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    

Similar News