കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ ഇനിയും കണ്ടെത്താനായില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലിസ്: വൈദ്യ പരിശോധനക്കെത്തിച്ചപ്പോള്‍ രക്ഷപ്പെട്ടത് നിരവധി മോഷണക്കേസുകളിലെ പ്രതി
കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ ഇനിയും കണ്ടെത്താനായില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലിസ്
തിരുവനന്തപുരം: പേരൂര്‍ക്കട താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ ഇനിയും കണ്ടെത്താനായില്ല. നിരവധി പിടിച്ചുപറി, മാല മോഷണക്കേസിലെ പ്രതിയായ അനൂപ് ആന്റണിയാണ് (32) വൈദ്യ പരിശോധനക്കെത്തിച്ചപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. കൈവിലങ്ങുകളുമായി രക്ഷപ്പെട്ട പ്രതിയെ രാത്രി വൈകിയും പിടികൂടാനായിട്ടില്ല. പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ ഒരു കേസുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വൈദ്യ പരിശോധനയ്ക്ക് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഇയാള്‍ രക്ഷപ്പെട്ടത്. നഗരത്തിലുടനീളം പൊലീസ് അരിച്ചു പെറുക്കുന്നുണ്ട്. അമ്പലമുക്ക് ഭാഗത്തേക്കാണ് പ്രതി രക്ഷപ്പെട്ട് ഓടിയതെന്നാണ് വിവരമെന്നതിനാല്‍ ആ പ്രദേശത്ത് പൊലീസ് നിരീക്ഷണം തുടരുകയാണ്.
വിലങ്ങ് കയ്യിലുള്ളതിനാല്‍ തന്നെ പ്രതിക്ക് അധികം മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേരൂര്‍ക്കട പൊലീസിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടേണ്ടതാണെന്ന് പൊലീസ് അറിയിച്ചു. ബൈക്കില്‍ എത്തി മാല മോഷ്ടിച്ച് കടന്നു കളയുന്ന ഇയാള്‍ക്കെതിരെ നഗരത്തിലെ നിരവധി സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.