പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; പിതാവിന് മരണം വരെ തടവും പിഴയും വിധിച്ച് പോക്‌സോ കോടതി
പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; പിതാവിന് മരണം വരെ തടവും പിഴയും
തളിപ്പറമ്പ്: പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് മരണംവരെ തടവും പിഴയും വിധിച്ച് പോക്‌സോ കോടതി. വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതി നാട്ടിലെത്തിയപ്പോള്‍ പല തവണ സ്വന്തം മകളെ പീഡനത്തിനിരയാക്കുക ആയിരുന്നു. കുട്ടി ഗര്‍ഭിണി ആയതോടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്. രണ്ട് വകുപ്പുകളിലാണ് മരണംവരെ തടവ് ശിക്ഷ വിധിച്ചത്.
തളിപ്പറമ്പ് പോക്‌സോ കോടതി ജഡ്ജി ആര്‍. രാജേഷാണ് ശിക്ഷിച്ചത്. മറ്റൊരു വകുപ്പില്‍ 47 വര്‍ഷം തടവും 15 ലക്ഷം രൂപ പിഴ വേറെയുമുണ്ട്. 2019-ലാണ് കേസിനാസ്പദമായ സംഭവം. കുറുമാത്തൂര്‍ പഞ്ചായത്തിലെ നാല്‍പ്പത്തിയാറുകാരനാണ് പ്രതി. വര്‍ഷങ്ങളായി വിദേശത്ത് ജോലിചെയ്യുകയായിരുന്ന ഇയാള്‍ നിരവധി തവണ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി. പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ച ഇയാള്‍ കോവിഡ് കാലത്ത് നാട്ടിലെത്തി ക്വാറന്റീനിലുണ്ടായിരുന്നപ്പോഴും പീഡിപ്പിച്ചതായി പരാതിയുണ്ട്.
ശാരീരിക അസ്വസ്ഥതയുണ്ടായ പെണ്‍കുട്ടിയെ ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ബന്ധുവായ 15-കാരനാണ് പീഡിപ്പിച്ചതെന്ന് ആരോപിക്കാനുള്ള ശ്രമവുമുണ്ടായി. ഡോക്ടര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. വിദേശത്തായിരുന്ന പിതാവിനെ നാട്ടിലേക്കുള്ള യാത്രയിലാണ് വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റ്ചെയ്തത്. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി. ഒളിവില്‍ കഴിയവെ കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തളിപ്പറമ്പ് എസ്.ഐ. ആയിരുന്ന സത്യനാഥനാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. പ്രൊസിക്യൂഷനുവേണ്ടി അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.